ന്യൂഡല്‍ഹി: ഇടത് സര്‍ക്കാര്‍ ഭരണം അവസാനിപ്പിക്കാനുള്ള അവസരം ചെറിയ പരിഭവങ്ങള്‍ കൊണ്ട് ഇല്ലാതാക്കരുതെന്നും സ്ഥാനാര്‍ഥി നിര്‍ണയത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇനി അവസാനിപ്പിക്കണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി.
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഹൈക്കമാന്‍ഡ് അനാവശ്യ ഇടപെടല്‍ നടത്തിയിട്ടില്ല. സീറ്റുകള്‍ കിട്ടാത്ത നേതാക്കളുണ്ട്. അവരെ സ്‌നേഹിക്കുന്ന അണികളുമുണ്ട്. എന്നാല്‍, സ്ഥാനാര്‍ഥി പട്ടിക അന്തിമമായി തീരുമാനിച്ചു കഴിഞ്ഞു. ഹൈക്കമാന്‍ഡ് തീരുമാനിച്ച പട്ടിക അംഗീകരിക്കുകയാണ് ഇനി എല്ലാവരുടെയും ചുമതലയെന്നും ആന്റണി പറഞ്ഞു.
കോണ്‍ഗ്രസ് എന്നും സുതാര്യതയുടെ പാര്‍ട്ടിയാണ്. കോണ്‍ഗ്രസില്‍ എക്കാലവും ചെറിയ ചെറിയ പൊട്ടലും ചീറ്റലും മാത്രമാണുള്ളത്. എന്നാല്‍, അഭിപ്രായ സ്വാതന്ത്ര്യമില്ലാത്ത മറ്റ് പാര്‍ട്ടികളില്‍ വലിയ കലാപമാണ്. സിപിഎമ്മിനുള്ളില്‍ മുന്‍കാലത്ത് ഉള്‍പ്പെടെ നടന്ന വലിയ അഭിപ്രായ ഭിന്നതകള്‍ പുറംലോകം അറിഞ്ഞിട്ടില്ല.
വിശദമായ ചര്‍ച്ചക്ക് ശേഷമാണ് ഇപ്പോഴത്തെ സ്ഥാനാര്‍ഥി നിര്‍ണയം. ഇത്രയേറെ പുതുമുഖങ്ങളെയും യുവാക്കളെയും സ്ഥാനാര്‍ഥിയാക്കാന്‍ എല്‍ഡിഎഫിനോ ബിജെപിക്കോ കഴിഞ്ഞിട്ടില്ല. സ്ത്രീകളുടെ കാര്യത്തില്‍ അല്‍പം പോരായ്മയുണ്ട്. എന്നാല്‍, ഇത് കോണ്‍ഗ്രസില്‍ മാത്രമുള്ളതല്ല.
സിപിഎമ്മിനും വാഗ്ദാനം ചെയ്ത സീറ്റ് സ്ത്രീകള്‍ക്ക് നല്‍കാനായിട്ടില്ല. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന് വന്ന പോരായ്മ കാലക്രമത്തില്‍ പരിഹരിക്കും. നേമത്ത് കെ. മുരളീധരന്‍ എംഎല്‍എയായി അസംബ്ലിയിലെത്തുമെന്നും ആന്റണി പറഞ്ഞു.