തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്നവസാനിക്കും. ഏപ്രില്‍ ആറിന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ഇന്ന് വൈകിട്ട് മൂന്നു വരെ പത്രിക സമര്‍പ്പിക്കാം. 22 വരെ പത്രിക പിന്‍വലിക്കാം. 999 പത്രികകളാണ് ഇതുവരെ സമര്‍പ്പിക്കപ്പെട്ടത്.
മുന്നണി സ്ഥാനാര്‍ഥികളില്‍ ഭൂരിപക്ഷവും പത്രിക സമര്‍പ്പിച്ചു കഴിഞ്ഞു. ശേഷിക്കുന്നവര്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഇന്നലെ വരെയുള്ള കണക്കനുസരിച്ച് എറണാകുളത്ത് 133,തൃശൂര്‍ 103, കോഴിക്കോട് 95, തിരുവനന്തപുരം 92, കണ്ണൂര്‍ 91 ഉം പത്രികകള്‍ ലഭിച്ചു. ഈ ജില്ലകളിലാണ് കൂടുതല്‍ പത്രികകള്‍ സമര്‍പ്പിക്കപ്പെട്ടത്. കുറവ് കാസര്‍ഗോഡും 23. നാളെയാണ് സൂക്ഷ്മ പരിശോധന.
വോട്ടര്‍ പട്ടികയിലെ ഇരട്ട വോട്ട് സംബന്ധിച്ച ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാരുടെ റിപ്പോര്‍ട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ഇന്നോ നാളെയോ ലഭിക്കും. പരാതിയില്‍ ജില്ലാ കലക്ടര്‍മാരുടെ അന്വേഷണം തുടരുകയാണ്. ക്രമക്കേട് തെളിഞ്ഞാല്‍ ഇരട്ട വോട്ടുകള്‍ ഒഴിവാക്കും. ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയുമുണ്ടാകും. തപാല്‍ വോട്ടിനുള്ള 40,498 അപേക്ഷകളാണ് കമ്മീഷന് ഇതുവരെ ലഭിച്ചത്.