നേതാക്കളില്ലാതെ ശോഭ സുരേന്ദ്രന്റെ ആദ്യ പ്രചാരണം; നിരീക്ഷണത്തിന് അമിത് ഷായുടെ പ്രത്യേക സംഘം

നേതാക്കളില്ലാതെ ശോഭ സുരേന്ദ്രന്റെ ആദ്യ പ്രചാരണം; നിരീക്ഷണത്തിന് അമിത് ഷായുടെ പ്രത്യേക സംഘം

തിരുവനന്തപുരം: ബി.ജെ.പി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍ കഴക്കൂട്ടം മണ്ഡലത്തില്‍ പ്രചാരണം തുടങ്ങി. സംസ്ഥാന ജില്ലാ നേതാക്കള്‍ ഇല്ലാതെയായിരുന്നു ശോഭയുടെ ആദ്യ പ്രചാരണം. മണ്ഡലത്തിലെത്തിയ ശോഭയെ പ്രവര്‍ത്തകര്‍ സ്വീകരിച്ചു.

കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയോടെയാണ് ശോഭ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് സ്ഥാനാര്‍ഥിയായത്. ആദ്യമായി മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയ ശോഭക്ക് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. ശബരിമല വിഷയം തന്നെയാണ് പ്രചാരണ ആയുധം. ശബരിമല വിഷയത്തില്‍ അടുത്തിടെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി നടത്തിയ പരാമര്‍ശത്തിന് ആര്‍ജ്ജവമുണ്ടെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയാന്‍ ശോഭ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന, ജില്ലാ നേതാക്കളില്‍ ആരും തന്നെ പരിപാടിയില്‍ പങ്കെടുത്തില്ല. ശോഭ സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കിയതില്‍ സംസ്ഥാന നേതൃത്വത്തിന്റെ അതൃപ്തി അവസാനിച്ചിട്ടില്ലെന്നാണ് സൂചന. അതേസമയം കഴക്കൂട്ടത്തെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ അമിത് ഷാ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.