മൂന്നിടങ്ങളിലായി നാല് എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പത്രികകള്‍ തള്ളി

 മൂന്നിടങ്ങളിലായി നാല് എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പത്രികകള്‍ തള്ളി

തിരുവനന്തപുരം: നാമനിര്‍ദ്ദേശ പത്രികകളുടെ സൂഷ്മ പരിശോധനയില്‍ ദേവികുളത്തുള്‍പ്പടെ മൂന്ന് ഇടങ്ങളില്‍ നാല് എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പത്രികകള്‍ തള്ളി. തലശ്ശേരിയില്‍ എന്‍. ഹരിദാസിന്റെയും ദേവികുളത്ത് ആര്‍. എം ധനലക്ഷ്മിയുടെയും ഗുരുവായൂരില്‍ സി. നിവേദിതയുടെയും പത്രികകളാണ് തള്ളിയത്. സംസ്ഥാന അധ്യക്ഷന്റെ ഒപ്പില്ല എന്ന കാരണത്താലാണ് തലശ്ശേരിയിലും ഗുരുവായൂരിലും പത്രികകള്‍ തള്ളിയത്.

ദേവികുളത്തെ എന്‍ഡിഎ ഡമ്മി സ്ഥാനാര്‍ഥിയുടെ പത്രികയും തള്ളി. തലശ്ശേരിയിലും ഗുരുവായൂരിലും എന്‍ഡിഎക്ക് ഡമ്മി സ്ഥാനാര്‍ഥികള്‍ ഉണ്ടായിരുന്നില്ല. ദേവികുളം മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയുടെ ഉള്‍പ്പടെ മൂന്ന് പേരുടെ പത്രികകള്‍ തള്ളി. എന്‍.ഡി.എ സ്ഥാനാര്‍ഥി എ.ഐ.എ.ഡി.എം.കെയുടെ ആര്‍.എം ധനലക്ഷ്മി, എന്‍.ഡി.എയുടെ ഡമ്മി സ്ഥാനാര്‍ഥി പൊന്‍പാണ്ടി, ബി.എസ്.പിയില്‍ മത്സരിക്കുന്ന തങ്കച്ചന്‍ എന്നിവരുടെ പത്രികകളാണ് വരണാധികാരി തള്ളിയത്. ഫോം 26ലെ ക്രമക്കേട് കാരണമാണ് നോമിനേഷന്‍ തള്ളാന്‍ കാരണം.

തലശ്ശേരി മണ്ഡലം ബി.ജെ.പി സ്ഥാനാര്‍ഥി എന്‍ ഹരിദാസിന്റെ പത്രികയും വരണാധികാരി തള്ളി. ബിജെപി ജില്ലാ അധ്യക്ഷന്‍ കൂടിയാണ് ഹരിദാസ്. സംസ്ഥാനത്ത് ഇതുവരെ 2138 നാമനിര്‍ദ്ദേശ പത്രികകളാണ് ലഭിച്ചത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.