വാഷിങ്ടണ്‍: ഇറാനെതിരേ വീണ്ടും അമേരിക്കയുടെ ആക്രമണം. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനത്തിന് നേര്‍ക്കായിരുന്നു വെള്ളിയാഴ്ച സൈനിക നടപടി.
ഈ ആക്രമണത്തെ 'ചെറുത്' എന്ന് വിശേഷിപ്പിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 'അവര്‍ ഒരു ചെറിയ വ്യോമ പ്രതിരോധ സംവിധാനം നിര്‍മിച്ചു. ഞങ്ങള്‍ 15 മിനിറ്റു കൊണ്ട് അല്ലെങ്കില്‍ അഞ്ചു മിനിറ്റില്‍ അത് തകര്‍ത്തു' എന്ന് ട്രംപ് പറഞ്ഞു.
നേരത്തെ, ഖ്വേഷം ദ്വീപിലെ സുസ മേഖലയില്‍ നിന്ന് രണ്ട് സ്ഫോടന ശബ്ദം കേട്ടതായി ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നാലെയാണ് വിഷയത്തില്‍ ട്രംപിന്റെ പ്രതികരണം.
ആക്രമണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കാന്‍ ട്രംപ് തയ്യാറായില്ല. ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിക്കു ശേഷം ഇറാനെതിരേ നടത്തുന്ന ആദ്യ സൈനിക നടപടിയാണ് വെള്ളിയാഴ്ചത്തേത് എന്നതും ശ്രദ്ധേയമാണ്.
ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളില്‍ ഭൂരിഭാഗവും 2025 ജൂണ്‍ മാസത്തില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലും ഇപ്പോഴത്തെ യുഎസ്, ഇസ്രയേല്‍-ഇറാന് സംഘര്‍ഷത്തിന്റെ ആദ്യഘട്ടത്തിലെ ആക്രമണങ്ങളിലും നശിച്ചു പോകുകയോ, ഗുരുതര കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തെന്നായിരുന്നു മുന്‍പ് യുഎസ് അധികൃതര്‍ വ്യക്തമാക്കിയിരുന്നത്. ഇറാന് ഇവ പുനര്‍നിര്‍മിക്കുമെന്നും യുഎസ് വിലയിരുത്തിയിരുന്നു.
ഇറാന് നേര്‍ക്ക് തിങ്കളാഴ്ചയും അമേരിക്ക ആക്രമണം നടത്തിയിരുന്നു. ഹോര്‍മുസ് കടലിടുക്കിന് സമീപത്തെ ഖ്വേഷം ദ്വീപില്‍നിന്നും ഹെന്ഗാം ദ്വീപില്‍ നിന്നും സമീപ പ്രദേശമായ ബന്ദര്‍ അബ്ബാസില്‍ നിന്നും സ്ഫോടനശബ്ദം ഉയര്‍ന്നതായി ഇറാന്റെ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.