അറബ് പാര്‍ട്ടികളുടെ പിന്തുണയോടെ ഐസന്‍കോട്ട് ഭരണത്തിലേക്ക്; ഇസ്രയേലില്‍ നെതന്യാഹു ഭരണത്തിന് താല്‍ക്കാലിക അന്ത്യം

അറബ് പാര്‍ട്ടികളുടെ പിന്തുണയോടെ ഐസന്‍കോട്ട് ഭരണത്തിലേക്ക്; ഇസ്രയേലില്‍ നെതന്യാഹു ഭരണത്തിന് താല്‍ക്കാലിക അന്ത്യം

ജറുസലേം: തിരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന ഇസ്രയേലില്‍ യാഷര്‍ പാര്‍ട്ടി നേതാവ് ഗാദി ഐസന്‍കോട്ടിനെ സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിച്ച് പ്രസിഡന്റ് ഐസക് ഹെര്‍സോഗ്.

120 അംഗ ഇസ്രയേല്‍ പാര്‍ലമെന്റായ നെസെറ്റില്‍ 67 പേരുടെ പിന്തുണ തനിക്കുണ്ടെന്നാണ് ഗാദി ഐസന്‍കോട്ട് പ്രസിഡന്റിനെ അറിയിച്ചത്. ഇതോടെ ഇസ്രയേലില്‍ ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭരണത്തിന് താല്‍ക്കാലിക അന്ത്യമാവുകയാണ്.

തിരഞ്ഞെടുപ്പില്‍ നെതന്യാഹുവിന്റെ തീവ്ര-വലതുപക്ഷ സഖ്യത്തിന് 53 സീറ്റുകളായിരുന്നു ലഭിച്ചിരുന്നത്. എന്നാല്‍ പരമ്പരാഗത സഖ്യകക്ഷിയായ യുണൈറ്റഡ് തോറ ജൂഡായിസം നെതന്യാഹുവിനെ പിന്തുണയ്ക്കാത്തതിനാല്‍ ഇത് 46 സീറ്റായി കുറഞ്ഞു. ഇതോടെ നെതന്യാഹുവിന് പ്രധാനമന്ത്രി പദത്തിലേക്കുള്ള വഴിയടഞ്ഞു. 61 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

67 പേരാണ് ഐസന്‍കോട്ടിനെ പിന്തുണയ്ക്കുന്നത്. യാഷര്‍, ടുഗെദര്‍, ദി ഡെമോക്രാറ്റ്‌സ്, ഇസ്രയേല്‍ ബെയ്‌റ്റെയ്‌നു എന്നിവയടങ്ങുന്ന പ്രതിപക്ഷ കൂട്ടായ്മയുടെ 48 സീറ്റുകള്‍ക്ക് പുറമേ അറബ് പാര്‍ട്ടികളായ റാഅം (7 സീറ്റ്), ജോയിന്റ് ലിസ്റ്റ് (12 സീറ്റ്) എന്നിവ പിന്തുണ അറിയിച്ചതോടെയാണ് സര്‍ക്കാരുണ്ടാക്കാന്‍ ഐസന്‍കോട്ടിന് മുന്നില്‍ സാധ്യത തുറന്നത്. യുണൈറ്റഡ് തോറ ജൂഡായിസത്തിലെ ഏഴു പേര്‍ ആര്‍ക്കും ഇതുവരെ പിന്തുണ നല്‍കിയിട്ടില്ല.

സഖ്യകക്ഷികളുമായി ചര്‍ച്ച നടത്തി മന്ത്രിസഭ രൂപീകരിക്കാന്‍ ഐസന്‍കോട്ടിന് 28 ദിവസത്തെ സമയമുണ്ട്. ആവശ്യമെങ്കില്‍ 14 ദിവസം കൂടി നീട്ടി നല്‍കാന്‍ പ്രസിഡന്റിന് അധികാരമുണ്ട്. ഞായറാഴ്ച പ്രാദേശിക സമയം അഞ്ച് മണിയോടെ ജറുസലേമിലെ പ്രസിഡന്റിന്റെ വസതിയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ഐസന്‍കോട്ടിന് അധികാരപത്രം കൈമാറും. നെതന്യാഹുവുമായും ഐസന്‍കോട്ടുമായും ഇതു സംബന്ധിച്ച് പ്രസിഡന്റ് ചര്‍ച്ച നടത്തിയതായാണ് വിവരം.

പ്രധാനമന്ത്രിക്കസേരയില്‍ തുടരാന്‍ തീവ്രശ്രമം നടത്തുന്ന ബെഞ്ചമിന്‍ നെതന്യാഹുവിന് പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കാത്തത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. ഐസന്‍കോട്ടിന് മേല്‍പ്പറഞ്ഞ സമയപരിധിക്കുള്ളില്‍ സഖ്യസര്‍ക്കാര്‍ ഉണ്ടാക്കാന്‍ സാധിച്ചില്ലെങ്കില്‍ വീണ്ടും ഒരു തിരഞ്ഞെടുപ്പിലേക്ക് ഇസ്രയേല്‍ നീങ്ങാനുള്ള സാധ്യതയുമുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.