കൊച്ചി: കളമശേരി മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥി പി.രാജീവിനെതിരെ ഗുരുതര ആരോപണവുമായി മുന്‍മന്ത്രിയും സിറ്റിംഗ് എംഎല്‍എയുമായ വി.കെ ഇബ്രാഹിം കുഞ്ഞ്. പാലാരിവട്ടം പാലം കേസില്‍ തന്നെ കുടുക്കിയതിന് പിന്നില്‍ സിപിഎം നേതാവ് പി.രാജീവാണെന്നാണ് ഇബ്രാഹിം കുഞ്ഞിന്റെ ആരോപണം.
2019 ലെ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന രാജീവ് യുഡിഎഫ് വോട്ട് മറിച്ച് നല്‍കണമെന്ന് ആവശ്യപെട്ടിരുന്നു. ഇതിന് താന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയതിന് ശേഷമാണ് തന്നെ പാലാരിവട്ടം അഴിമതിക്കേസില്‍ പ്രതിയാക്കുന്നതെന്നും ഇബ്രാഹിംകുഞ്ഞ് ആരോപിക്കുന്നു. ഇതില്‍ രാജീവിന് ചില സിപിഎം നേതാക്കളുടെ സഹായം ലഭിച്ചിട്ടുണ്ട്.
കളമശേരി മണ്ഡലം ലക്ഷ്യമിട്ടാണ് പാലാരിവട്ടം കേസ് എടുത്തിരിക്കുന്നതെന്നും ആസൂത്രിതമായ നീക്കം നടന്നിരുന്നുവെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. ഇത്തവണ തന്നോട് മത്സരിക്കരുതെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടില്ല. ഭരണപക്ഷത്തും പ്രതിപക്ഷത്തും കേസുള്ള നിരവധി പേര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. ആരോഗ്യ കാരണങ്ങള്‍ കണക്കിലെടുത്താണ് ഇത്തവണ മത്സരിക്കാത്തതെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.
ഇബ്രാഹിം കുഞ്ഞിന്റെ മകന്‍ അബ്ദുള്‍ ഗഫൂറാണ് ഇത്തവണ കളമശേരി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി.