നാഗോർനോ-കറാബാക്ക്: അർമേനിയയും അസർബൈജാനും വെടിനിർത്തൽ കരാർ അംഗീകരിച്ചു

നാഗോർനോ-കറാബാക്ക്: അർമേനിയയും അസർബൈജാനും വെടിനിർത്തൽ കരാർ  അംഗീകരിച്ചു

റഷ്യയുടെ മദ്ധ്യസ്ഥതയിൽ അർമേനിയായും അസർബൈജാനും റഷ്യൻ തലസ്ഥാനത്ത് നടത്തിയ 10 മണിക്കൂർ ചർച്ചയെത്തുടർന്ന് മോസ്കോ സമയം 03:00 ന് (അർദ്ധരാത്രി) റഷ്യയുടെ വിദേശകാര്യ മന്ത്രി കരാർ പ്രഖ്യാപിച്ചു.

മുപ്പതു വർഷമായി നിലനിൽക്കുന്ന സംഘർഷം സെപ്റ്റംബർ 27 ന് യുദ്ധത്തിലേക്ക് വഴിമാറുകയും മുന്നൂറിലധികം ആളുകൾ മരിക്കുകയും ആയിരങ്ങൾ കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്തു.

തടവുകാരുടെ കൈമാറ്റത്തിനും മൃതദേഹങ്ങൾ വീണ്ടെടുക്കുന്നതിനും അനുവദിക്കുന്നതിനായി ശനിയാഴ്ച പ്രാദേശിക സമയം (08:00 GMT) മുതൽ വെടിനിറുത്തൽ പ്രാബല്യത്തിലാകും. സംഘർഷം പരിഹരിക്കുന്നതിനുള്ള ചർച്ചകൾക്ക് ഇരുകൂട്ടരും തയ്യാറാകണമെന്നും കരാറിൽ വ്യവസ്ഥ ചെയ്യുന്നു.

ഔദ്യോഗികമായി നാഗൊർനോ-കറാബക്ക് അസർബൈജാന്റെ ഭാഗമാണെങ്കിലും അർമേനിയൻ വംശജരാണ് ഇവിടെ അധിവസിക്കുന്നത്.അർമേനിയൻ പ്രധാനമന്ത്രി നിക്കോൾ പാഷിനിയൻ, നാഗോർനോ-കറാബാക്ക് പ്രദേശത്ത് നടക്കുന്ന വംശഹത്യയെക്കുറിച്ച് മുന്നറിയിപ്പ് നൽകി. ഈ പ്രദേശം അർമേനിയയുടെ തന്നെ ഭാഗം ആണ് എന്ന് അദ്ദേഹം അവകാശപ്പെട്ടു. തുർക്കിയുടെ സഹായത്തോടെ അസർബൈജാൻ അർമേനിയൻ വംശജരെ കൂട്ടക്കൊല നടത്തുന്നു എന്നതാണ് അർമേനിയ നടത്തുന്ന പ്രധാന ആരോപണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.