ദുബായ്: വാക്സിനേഷന്‍ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രത്യേക വിമാന സർവീസ് ഒരുക്കാന്‍ എമിറേറ്റ്സ്. പൂർണമായും വാക്സിനേഷന്‍ ലഭിച്ച ജീവനക്കാർക്കും യാത്രാക്കാർക്കുമായി ഏപ്രില്‍ 10 നാണ് എമിറേറ്റ്സ് പ്രത്യേക സർവീസ് ( EK2021) നടത്തുക. അന്ന് ഉച്ചക്ക് 12 മണിക്ക് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പുറപ്പെടുന്ന വിമാനം യുഎഇയിലുടനീളം സഞ്ചരിച്ച് ഉച്ചക്ക് രണ്ടരക്ക് തിരികെയെത്തും.
ഇതുവരെ 35,000 ലധികം ജീവനക്കാർക്ക് കോവിഡ് വാക്സിന്‍ നല്‍കിയിട്ടുണ്ടെന്ന് എമിറേറ്റ്സ് എയർലൈന്‍ അറിയിച്ചു. 85 ശതമാനം പൈലറ്റുമാർക്കും ക്യാബിന്‍ ക്രൂവിനും രണ്ട് ഡോസ് വാക്സിനും എടുത്തു. കമ്പനിയുടെ വാക്സിനേഷന്‍ കേന്ദ്രങ്ങളിലൊന്നില്‍ നിന്നാണ് ജീവനക്കാർക്ക് വാക്സിനെടുത്തതെന്നും എമിറേറ്റ്സ് അധികൃതർ വ്യക്തമാക്കി.