തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ കോളജ് സന്ദര്‍ശത്തിനെതിരെ അശ്ലീല പ്രസ്താവന നടത്തിയ ഇടുക്കി മുന്‍ എം.പി ജോയ്സ് ജോര്‍ജിനെതിരെ കേസെടുത്ത്്് അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അങ്ങേയറ്റത്തെ സ്ത്രീവിരുദ്ധവും ലൈംഗിക ചുവയുള്ളതുമായ പ്രസ്താവനയാണ് ജോയ്സ് ജോര്‍ജ് നടത്തിയത്. മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ സന്നിഹിതരായിരുന്ന വേദിയില്‍ വച്ചാണ് ഈ മ്ലേച്ഛമായ പ്രസ്താവന നടത്തിയതെന്നത് ഇതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
സ്ത്രീകളോടുള്ള ഇടതുമുന്നണിയുടെ മനോഭാവം എത്ര തരം താഴ്ന്നതാണെന്ന് ഇതില്‍ നിന്ന് വ്യക്തമാകുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സ്ത്രീ സുരക്ഷ പറഞ്ഞ് അധികാരത്തിലെത്തുകയും സ്ത്രീകളെ അണിനിരത്തി നവോത്ഥാന മതില്‍ കെട്ടുകയും ചെയ്ത മുന്നണിയുടെ തനി നിറമാണ് ഇപ്പോള്‍ മുന്‍ എം.പി ജോയ്സ് ജോര്‍ജിന്റെ വാക്കുകളിലൂടെ പുറത്ത് വരുന്നത്്. ജോയ്സിന്റെ അശ്ലീല പരാമര്‍ശത്തിന്റെ പേരില്‍ സിപിഎമ്മും ഇടതു മുന്നണിയും ജനങ്ങളോട് മാപ്പ് പറയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
മന്ത്രിമാരായ എം.എം മണിയും, ജി സുധാകരനും ഇടതു മുന്നണി കണ്‍വീനര്‍ വിജയരാഘവനുമെല്ലാം നിരന്തരം സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തി കുപ്രസിദ്ധിയാര്‍ജ്ജിച്ചവരാണ്. സിപിഎമ്മിന്റെയും ഇടതു മുന്നണിയുടെയും നേതാക്കള്‍ എക്കാലവും സ്ത്രീ വിരുദ്ധത ഉയര്‍ത്തിപ്പിടിച്ചവരാണ്. ഇത്തരമൊരു മുന്നണിക്ക് എങ്ങിനെയാണ് കേരളത്തിലെ സ്ത്രീകളെ സംരക്ഷിക്കാന്‍ കഴിയുക. ഇത്തരം നെറികെട്ട പരാമര്‍ശങ്ങള്‍ നടത്തുന്ന സിപിഎമ്മിനും ഇടതു മുന്നണിക്കും തക്കതായ മറുപടി ഈ തെരെഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.