ദുബായ്: നാലു വയസുകാരനെ കാണാതായി മിനിറ്റുകള്‍ക്കകം കണ്ടെത്തി മാതാപിതാക്കളെ ഏല്‍പിച്ച് ദുബായ് പോലീസ്. ഉം അല്‍ സുഖീം ഭാഗത്ത് ബീച്ചില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ മകനെ കാണാതാവുകയായിരുന്നു. എന്നാൽ രാത്രി ഭക്ഷണം ഓർഡർ ചെയ്യുന്നതിനിടെയാണ് മകനെ കാണാനില്ലെന്ന് വിവരം മാതാപിതാക്കൾ മനസിലാക്കിയത്. ഉടന്‍ തന്നെ പട്രോള്‍ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. 40 മിനിറ്റിനുളളില്‍ കുട്ടിയെ കണ്ടെത്തി നല്‍കാന്‍ പോലീസിന് സാധിച്ചു.
കളിച്ചുകൊണ്ടിരുന്ന സ്ഥലത്തിന് മൂന്ന് കിലോമീറ്റർ അകലെ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. വഴിതെറ്റിയായിരിക്കാം മൂന്ന് കിലോമീറ്റർ അകലെ കുട്ടിയെത്തിയതെന്ന് പോലീസ് പറഞ്ഞു. കുട്ടികളുടെ കാര്യത്തില്‍ എപ്പോഴും ശ്രദ്ധവേണമെന്നും പരിചയമില്ലാത്ത ഇടങ്ങളിലും പൊതു സ്ഥലങ്ങളിലും കുഞ്ഞുങ്ങളെ തനിയെ വിടരുതെന്നും ടൂറിസം പോളിസിങ് ഡയറക്ടർ കേണൽ മുബാറക് അൽ കെത്ബി മാതാപിതാക്കളോട് അഭ്യർത്ഥിച്ചു.