പത്തനംതിട്ടയില്‍ അഞ്ച് വയസ്സുകാരി മര്‍ദനമേറ്റ് മരിച്ചു; രണ്ടാനച്ഛന്‍ കസ്റ്റഡിയില്‍

പത്തനംതിട്ടയില്‍ അഞ്ച് വയസ്സുകാരി മര്‍ദനമേറ്റ് മരിച്ചു; രണ്ടാനച്ഛന്‍ കസ്റ്റഡിയില്‍

പ​ത്ത​നം​തി​ട്ട: സമൂഹമനസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് രണ്ടാനച്ഛന്റെ ക്രൂര മർദ്ദനമേറ്റ് അ​ഞ്ച് വ​യ​സു​കാ​രി മ​രി​ച്ചു. രണ്ടു ദിവസമായി രണ്ടാനച്ഛൻ കുട്ടിയെ മർദ്ദിച്ചിരുന്നതായാണ് പുറത്തുവരുന്ന വിവരം. കുട്ടിയുടെ ദേഹത്ത് ചതവുകളും മുറിവുകളുമുണ്ട്. പത്തനംതിട്ട കുമ്പഴയിൽ ആണ് സംഭവം നടന്നത്.

തമിഴ്നാട് രാജപാളയം സ്വദേശിനി കനകയുടെ മകളായ അഞ്ച് വയസ്സുകാരിയാണ് മരിച്ചത്. സംഭവത്തിൽ കുട്ടിയുടെ രണ്ടാനച്ഛനായ അലക്സിനെ(23) പോലീസ് കസ്റ്റഡിയിലെടുത്തു.

രണ്ടാനച്ഛൻ ലഹരി മരുന്നിന് അടിമയാണ്. വീട്ടുജോലി ചെയ്താണ് കുട്ടിയുടെ അമ്മ കുടുംബം പോറ്റിയിരുന്നത്. നാല് മാസം മുമ്പാണ് കനകയും അലക്സും കുമ്പഴയിലെ വാടകവീട്ടിൽ താമസം ആരംഭിച്ചത്. തിങ്കളാഴ്ച ജോലി കഴിഞ്ഞ് വീട്ടിലെത്തിയ കനക ചലനമറ്റനിലയിൽ കിടക്കുന്ന മകളെയാണ് കണ്ടത്. അലക്സിനോട് കാര്യം തിരക്കിയപ്പോൾ ഇയാൾ കനകയെ മർദിച്ചു.

അടുത്ത വീട്ടിലെ സ്ത്രീയെ വിളിച്ചുവരുത്തി അമ്മ സഹായം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് സമീപവാസിയുടെ സഹായത്തോടെ കുട്ടിയെ ആദ്യം സ്വകാര്യ ക്ലിനിക്കിലും പിന്നീട് ജനറൽ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് തന്നെ കുട്ടി മരിച്ചിരുന്നു. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.