വി.എസ് അച്യുതാനന്ദനും ഭാര്യ വസുമതിക്കും വോട്ട് ചെയ്യാനായില്ല

വി.എസ് അച്യുതാനന്ദനും ഭാര്യ വസുമതിക്കും വോട്ട് ചെയ്യാനായില്ല

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏറ്റവും മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദനും ഭാര്യ വസുമതിക്കും ഇത്തവണ വോട്ട് രേഖപ്പെടുത്താന്‍ കഴിഞ്ഞില്ല. പ്രായാധിക്യത്തെ തുടര്‍ന്നുള്ള അവശതകള്‍ മൂലം തിരുവനന്തപുരത്തെ വീട്ടില്‍ വിശ്രമത്തിലാണ് വി.എസ് അച്യുതാനന്ദന്‍.

പുന്നപ്ര പറവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 86 എ ബൂത്തിലാണ് വിഎസിനും കുടുംബത്തിനും വോട്ടുള്ളത്. മകന്‍ വി.എ അരുണ്‍ കുമാറും കുടുംബവും രാവിലെ സ്‌കൂളില്‍ എത്തി വോട്ടു ചെയ്തു. കൊച്ചുമകന്‍ അര്‍ജ്ജുന് ഇത്തവണ കന്നി വോട്ടും രേഖപ്പെടുത്തി.

എണ്‍പത് വയസ് പിന്നിട്ടവര്‍ക്ക് പോസ്റ്റല്‍ വോട്ട് സൗകര്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും അതും ഉപയോഗപ്പെടുത്താനാകാത്ത അവസ്ഥയാണ് വിഎസിന് ഇത്തവണ ഉണ്ടായത്. എണ്‍പത് വയസ്സിന് മുകളിലുള്ള വോട്ടര്‍മാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് സൗകര്യം കിട്ടണമെങ്കില്‍ അതാത് മണ്ഡലത്തില്‍ തന്നെ താമസിക്കണമെന്ന നിബന്ധന ഉണ്ട്.

മണ്ഡലത്തിലെ പോസ്റ്റല്‍ ബാലറ്റ് പട്ടികയില്‍ വി.എസിന്റെയും ഭാര്യയുടേയും പേര് ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ എത്താനാകില്ലെന്ന് പിന്നീട് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. തിരുവനന്തപുരത്ത് മകന്റെ വീട്ടിലാണ് വി.എസ് താമസിക്കുന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.