രാജ്യസഭ തിരഞ്ഞെടുപ്പ് മരവിപ്പിച്ചത് നിയമോപദേശ പ്രകാരം: തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍

രാജ്യസഭ തിരഞ്ഞെടുപ്പ് മരവിപ്പിച്ചത് നിയമോപദേശ പ്രകാരം:  തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍

തിരുവനന്തപുരം: രാജ്യസഭ തെരഞ്ഞെടുപ്പ് പുതിയ നിയമസഭ നിലവില്‍ വന്നശേഷം നടത്തിയാല്‍ മതിയെന്ന് നിയമോപദേശം ലഭിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതയില്‍ ബോധിപ്പിച്ചു.

കാലാവധി കഴിഞ്ഞ അംഗങ്ങള്‍ വോട്ട് ചെയ്യുന്നത് ധാര്‍മികമായി ശരിയല്ലെന്ന് നിയമമന്ത്രാലയത്തില്‍ നിന്ന് നിയമോപദേശം ലഭിച്ചെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് മരവിപ്പിച്ചതെന്നും കമ്മീഷന്‍ ഹൈക്കോടതിയില്‍ പറഞ്ഞു.

നിലവിലെ നിയമസഭാംഗങ്ങള്‍ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നത് ഉചിതമാകില്ലെന്ന് നിയമ മന്ത്രാലയം ശുപാര്‍ശയില്‍ അറിയിച്ചു. പുതിയ നിയമസഭയാണ് ഇപ്പോഴത്തെ ജനഹിതം പ്രതിഫലിപ്പിക്കുന്നതെന്നും നിയമോപദേശത്തില്‍ പറയുന്നു.

നിലവിലെ അംഗങ്ങളുടെ കാലാവധി പൂര്‍ത്തിയാകുന്ന ഈ മാസം 21 ന് മുന്‍പ് തന്നെ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു. അതേസമയം എപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തുമെന്ന് കമ്മീഷന്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടില്ല.

ഏപ്രില്‍ 12നാണ് രാജ്യസഭ തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചത്. വിജ്ഞാപനം പുറത്തു വന്ന് 19 ദിവസത്തിന് ശേഷം മാത്രമേ തെരഞ്ഞെടുപ്പ് നടത്താനാകു. എന്നാല്‍ തീയതി പിന്നീട് നീട്ടുകയായിരുന്നു. നിയമപ്രശ്‌നം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. നിലവിലെ സാഹചര്യത്തില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് നടന്നാല്‍ ഇടതുമുന്നണിക്ക് രണ്ട് അംഗങ്ങളെ രാജ്യസഭയിലേക്ക് അയക്കാന്‍ സാധിക്കും.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.