അബുദാബി: കോവിഡ് സാഹചര്യത്തില്‍ അഞ്ച് മേഖലകളില്‍ കോവിഡ് പരിശോധനാ ക്യാംപെയിന് പ്രഖ്യാപിച്ച് അബുദാബി. അബുദാബി നഗരാതിർത്തിയിലെ ടൂറിസ്റ്റ് ക്ലബ് ഏരിയ എന്നറിയപ്പെടുന്ന അൽ ദാന, നഗരത്തിനു വെളിയിലെ ബനിയാസ്, അൽ ഷംഖ, അൽ ഷവാമെക്, അൽ സാഹിയ എന്നിവിടങ്ങളിലാണ് പരിശോധനാ ക്യാംപെയിന് നടക്കുക.
പൊതുജനാരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യമിട്ടാണ് തീവ്രപരിശോധനാ ക്യാംപെയിന് നടത്തുന്നത്. പൊതുജനങ്ങള്‍ പിസിആർ പരിശോധനാ ക്യാംപെയിനില്‍ പങ്കെടുക്കണമെന്ന് അബുദാബി ക്രൈസിസ് ആൻഡ് എമർജൻസി മാനേജ്മെന്റ് കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ വീടുകളിലെത്തിയുളള പരിശോധന വളരെ നേരത്തെ തന്നെ അബുദാബി ആരംഭിച്ചിരുന്നു. രോഗം ആരംഭഘട്ടത്തില്‍ തിരിച്ചറിയുന്നത് വ്യാപനം നടയാന്‍ സഹായകരമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പരിശോധന വ്യാപകമാക്കുന്നത്.