കൊച്ചി: രാത്രികാല സുരക്ഷാ പ്രശ്‌നത്തിന്റെ പേരില്‍ സ്ത്രീകളുടെ ജോലി പരിഗണനക്കുളള അവകാശം നിഷേധിക്കരുതെന്ന് ഹൈക്കോടതി. ജോലിക്ക് പൂര്‍ണ യോഗ്യതയുള്ള സ്ത്രീയെ സ്ത്രീയെന്ന കാരണത്താല്‍ ഒഴിവാക്കരുത്. അത് ഭരണഘടനാ വിരുദ്ധമാണ്. സുരക്ഷ ആവശ്യമെങ്കില്‍ സര്‍ക്കാര്‍ ഒരുക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
സേഫ്റ്റി ഓഫീസര്‍ തസ്തികയിലേക്ക് സ്ത്രീകളെ ഒഴിവാക്കിയ ചവറ കെഎംഎംഎല്ലിന്റെ നടപടി ചോദ്യം ചെയ്ത് കൊല്ലം സ്വദേശിനി സമര്‍പ്പിച്ച ഹര്‍ജി അനുവദിച്ചാണ് ജസ്റ്റീസ് അനുശിവരാമന്റെ ഉത്തരവ്. സ്ത്രീകള്‍ക്ക് അപേക്ഷാനുമതി നിഷേധിച്ചു കൊണ്ടുള്ള വിജ്ഞാപനം മൗലികാവകാശങ്ങളുടെ ലംഘനമാണന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.
ഫാക്റ്ററീസ് ആക്‌ട് പ്രകാരം സ്ത്രികള്‍ക്ക് രാവിലെ ആറു മുതല്‍ വൈകിട്ട് ഏഴു വരെ ജോലി ചെയ്യാന്‍ അനുമതിയുള്ളുവെന്ന് കമ്പനി ബോധിപ്പിച്ചു. ഫാക്ടറീസ് ആക്ടിലെ ഈ വ്യവസ്ഥ തൊഴിലിടങ്ങളില്‍ സ്ത്രികള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമാണന്നും അര്‍ഹമായ അവകാശം നിഷേധിക്കരുതെന്ന് സുപ്രീം കോടതിയുടെ ഉത്തരവുണ്ടന്നും ഹൈക്കോടതി വ്യക്തമാക്കി.
എന്നാൽ യോഗ്യത ഉണ്ടെങ്കിൽ രാത്രികാലങ്ങളിൽ ജോലി ചെയ്യാനുള്ള അവസരം സ്ത്രീകൾക്ക് നിഷേധിക്കാൻ പാടില്ലെന്ന് കോടതി പറഞ്ഞു. സമൂഹം മാറുകയാണ്. അത് ഉൾക്കൊള്ളണം. സ്ത്രീകൾ നൽകിയിട്ടുള്ള സംഭാവനകൾ എല്ലാവരും മനസ്സിലാക്കണമെന്നും യുവതി നൽകിയ അപേക്ഷ പരിഗണിക്കണമെന്നും ഫാക്ടറീസ് ആക്ട് ഈ കേസിൽ പരിഗണിക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു. ഹര്‍ജിക്കാരിയുടെ അപേക്ഷ പരിഗണിക്കാനും കമ്പനിക്ക് കോടതി നിര്‍ദേശം നല്‍കി.