തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി കാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി ഒമ്പത് മുതല്‍ രാവിലെ അഞ്ചു വരെയാണ് കര്‍ഫ്യൂ. പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല. കോവിഡ് അതിവേഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം.
രണ്ടാഴ്ചത്തേക്കാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത്. സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ല. ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമേ പാടൊള്ളൂ. മാളുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. മാളുകളും തീയേറ്ററുകളും ഏഴ് മണി വരെ മാത്രമേ തുറക്കാനാകൂ. വര്‍ക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്. പൊതു ഇടങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള കര്‍ശന നപടികള്‍ സ്വീകരിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു.
തൃശൂര്‍ പൂരം ഇത്തവണയും ചടങ്ങുകള്‍ മാത്രമായി നടത്താനും ഉന്നതതല യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. പൂരപ്പറമ്പില്‍ പൊതുജനങ്ങക്ക് പ്രവേശനമുണ്ടാകില്ല. സംഘാടകര്‍ക്ക് മാത്രമാണ് പ്രവേശനാനുമതി. കോവിഡ് വ്യാപനം കണക്കിലെടുത്ത് നാളെ മുതല്‍ ഈ മാസം 30 വരെ നടത്താന്‍ തീരുമാനിച്ചിരുന്ന പരീക്ഷകള്‍ മാറ്റിവച്ചതായി പബ്ലിക് സര്‍വീസ് കമ്മിഷന്‍ അറിയിച്ചിരുന്നു.
ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ നടത്താന്‍ നിശ്ചയിച്ച അഭിമുഖങ്ങളും മാറ്റിയിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കേരളത്തിലെ എല്ലാ സര്‍വകലാശാലകളും പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ ഇന്നലെ തീരുമാനിച്ചിരുന്നു. കേരള, കാലിക്കറ്റ്, എംജി, കണ്ണൂര്‍ യൂണിവേഴ്സിറ്റി, സാങ്കേതിക, മലയാളം, ആരോഗ്യ സര്‍വകലാശാലകളാണ് പരീക്ഷകള്‍ മാറ്റിവച്ചത്. ഗവര്‍ണറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി.