അബുദബി: ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലാണ് നിലവില്‍ വലിയ തോതില്‍ പരിശോധനകള്‍ പുരോഗമിക്കുന്നതെന്ന് അബുദബി മീഡിയ ഓഫീസ് ട്വീറ്റ് ചെയ്തു. ആരോഗ്യവിഭാഗമായ സേഹയുടേയും അബുദബി പോലീസിന്‍റേയും സന്നദ്ധപ്രവർത്തകരുടേയും സഹകരണത്തോടെയാണ് ഇവിടങ്ങളില്‍ സൗജന്യമായി കോവിഡ് ടെസ്റ്റ് നടത്തുന്നത്. ഷക്കാബൗട്ടിലാണ് പ്രവർത്തനങ്ങള്‍ കേന്ദ്രീകരിക്കുന്നതെന്ന് അബുദബി പോലീസ് ഫീല്‍ഡ് കോർഡിനേറ്റർ ക്യാപ്റ്റന്‍ ഡോ ഐഷ അല്‍ മാംമരി പറഞ്ഞു. പരമാവധി പേരെ ടെസ്റ്റിംഗിന് വിധേയരാക്കി കോവിഡ് വ്യാപനം തടയുകയെന്നുളളതാണ് രീതി. കഴിഞ്ഞ ഏപ്രിലില്‍ മുസഫ ഉള്‍പ്പടെയുളള ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഇത്തരത്തില്‍ വലിയ തോതിലുളള പരിശോധനകള്‍ നടന്നിരുന്നു. ജനസാന്ദ്രതയുളള സ്ഥലങ്ങളില്‍ വീടുകളിലെത്തിയാണ് പരിശോധന നടക്കുന്നത്.