കൊച്ചി: കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു. മതിയായ സുരക്ഷാസംവിധാനങ്ങളൊരുക്കാതെ പരീക്ഷ നടത്തുന്നതില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്.
ഏപ്രില്‍ 28 മുതല്‍ മേയ് 15 വരെ നടക്കുന്ന പ്രാക്ടിക്കല്‍ പരീക്ഷകളില്‍ രണ്ടായിരത്തിലധികം കേന്ദ്രങ്ങളിലായി നാലു ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. മതിയായ ഉപകരണങ്ങളുടെ അഭാവം മൂലം പ്രാക്ടിക്കല്‍ നടത്തിപ്പിനിടെ ലാബുകളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുക അസാദ്ധ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. മൈക്രോസ്‌കോപ്പുകളും പിപ്പറ്റുകളും കമ്പ്യൂട്ടര്‍ ഉള്‍പ്പെടെ രോഗവ്യാപന സാദ്ധ്യത കൂടുതലുള്ള മറ്റുപകരണങ്ങളും കൈമാറ്റം ചെയ്യപ്പെടും. മിക്ക സ്‌കൂളുകളിലും ലാബ് സൗകര്യങ്ങളും ഉപകരണങ്ങളും പരിമിതമാണ്.
കമ്പ്യൂട്ടറുകളും ലാപ്ടോപ്പുകളും വിലപിടിപ്പുള്ള ലാബ് ഉപകരണങ്ങളും സാനിറ്റൈസ് ചെയ്യാന്‍ എളുപ്പമല്ലാത്തതിനാല്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ രോഗവ്യാപനത്തിന് കാരണമാകുമെന്നാണ് ആശങ്ക. മാത്തമാറ്റിക്സിനും ആദ്യമായി ഇക്കുറി കമ്പ്യൂട്ടര്‍ അധിഷ്ഠിതമായ പ്രായോഗിക പരീക്ഷയുള്ളതിനാല്‍ മിക്ക സ്‌കൂളുകളിലും സൗകര്യങ്ങള്‍ കൂടുതല്‍ പേര്‍ പങ്കിടേണ്ടി വരും. അദ്ധ്യാപകര്‍ക്ക് ഒന്നിലേറെ സ്‌കൂളില്‍ പോയി പ്രാക്ടിക്കല്‍ പരീക്ഷ നടത്തേണ്ടിയും വരും.