പ്യോങ്യോങ്∙ കോവിഡ് മഹാമാരിക്കാലത്ത് ജനങ്ങൾക്കൊപ്പം നിൽക്കാൻ കഴിയാത്തതിൽ മാപ്പ് പറഞ്ഞ് ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. ബ്രിട്ടിഷ് മാധ്യമമായ ദി ഗാർഡിയനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വർക്കേഴ്സ് പാർട്ടിയുടെ 75-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന സൈനിക പരേഡിൽ സംസാരിക്കവേയാണ് കിമ്മിന്റെ കുറ്റസമ്മതം. ഉത്തരകൊറിയയിലെ ജനങ്ങൾ ആകാശത്തോളം ഉയരത്തിലും കടലിനോളം ആഴത്തിലും എന്നിൽ വിശ്വാസം അർപ്പിച്ചു. എന്നാൽ തൃപ്തികരമായ ജീവിതം നയിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. അതിന് ഞാൻ ക്ഷമ ചോദിക്കുകയാണ്. വികാരാധീനനായ കിം പറഞ്ഞു.
രാജ്യത്തെ മുന്നോട്ടു നയിക്കാനുള്ള സുപ്രധാന ഉത്തരവാദിത്തമാണ് തന്നിൽ നിക്ഷിപ്തമായിരിക്കുന്നതെന്നും ജനങ്ങളെ ബുദ്ധിമുട്ടിൽ നിന്നും കരകയറ്റാൻ തന്റെ ശ്രമങ്ങൾ പര്യാപ്തമായിട്ടില്ലെന്നും കിം ഏറ്റുപറഞ്ഞു. തന്റെ പൂർവ പിതാമഹൻമാർ രാജ്യത്തിനു ചെയ്ത മഹത്തായ കാര്യങ്ങളുടെ പൈതൃകം കിം ഊന്നിപ്പറയുകയും ചെയ്തു.