കോട്ടയം: കറുകച്ചാലില്‍ സ്വകാര്യബസ് ഡ്രൈവറായ യുവാവിനെ കാറിനടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കൊച്ചുകണ്ടം ബംഗ്ലാംകുന്ന് രാഹുലാണ് ശനിയാഴ്ച മരിച്ചത്. സംഭവത്തില്‍ തോട്ടയ്ക്കാട് സ്വദേശികളും രാഹുലിന്റെ സഹപ്രവര്‍ത്തകരുമായ വിഷ്ണു, സുനീഷ് എന്നിവര്‍ അറസ്റ്റിലായി.
ശനിയാഴ്ച പുലര്‍ച്ചെ 5.50 ഓടെ സ്വന്തം കാറിനടിയിലായിരുന്നു രാഹുലിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കേടായ കാര്‍ നന്നാക്കുന്നതിനിടയില്‍ അടിയില്‍പ്പെട്ട് ഞെരിഞ്ഞമര്‍ന്നതാവാം മരണകാരണമെന്നാണ് പൊലീസടക്കം കരുതിയിരുന്നത്. പൊലീസിന്റെ പ്രാഥമിക പരിശോധനയിലും ഫൊറന്‍സിക് സംഘത്തിന്റെ പരിശോധനയിലും അസ്വാഭികത തോന്നിയില്ല. പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോഴാണ് തലയ്ക്കുള്ളില്‍ മുറിവ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രാഹുലിന്റേത് കൊലപാതകമാണെന്ന് കണ്ടെത്തിയത്.