ശാസ്ത്രത്തിന്റെ പുതിയ നേട്ടം: ബ്രെയിന്‍ ചിപ്പ് ഉപയോഗിച്ച് പക്ഷാഘാതം ബാധിച്ച 65കാരനും എഴുതി

ശാസ്ത്രത്തിന്റെ പുതിയ നേട്ടം:  ബ്രെയിന്‍ ചിപ്പ് ഉപയോഗിച്ച് പക്ഷാഘാതം ബാധിച്ച 65കാരനും എഴുതി

വാഷിംഗ്ടണ്‍: ശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ ശരീരം തളര്‍ന്നു പോയവര്‍ക്ക് പോലും ചിന്തകളെ എളുപ്പത്തില്‍ പ്രവര്‍ത്തിയാക്കി മാറ്റാന്‍ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് അമേരിക്കന്‍ ന്യൂറോ സയന്റിസ്റ്റുകള്‍. ബ്രെയിന്‍-ടു-ടെക്സ്റ്റ് കമ്മ്യൂണിക്കേഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് കഴുത്തിന് താഴേയ്ക്ക് തളര്‍ന്നുപോയ പക്ഷാഘാതം ബാധിച്ച 65കാരന് തന്റെ കൈയുടെ ചലനങ്ങള്‍ സങ്കല്‍പ്പിച്ചുകൊണ്ട് എഴുതാന്‍ കഴിഞ്ഞുവെന്നതാണ് ഏറ്റവും പുതിയ നേട്ടം.

''ഹൈ പെര്‍ഫോമന്‍സ് ബ്രെയിന്‍-ടു-ടെക്സ്റ്റ് കമ്മ്യൂണിക്കേഷന്‍'' എന്നാണ് ശാസ്ത്രജ്ഞര്‍ ഈ നേട്ടത്തെ വിളിക്കുന്നത്. അമേരിക്കന്‍ ന്യൂറോ സയന്റിസ്റ്റുകള്‍ വികസിപ്പിച്ചെടുത്ത ബ്രെയിന്‍-കമ്പ്യൂട്ടര്‍ ഇന്റര്‍ഫേസ് (ബിസിഐ) ഉപകരണം ഉപയോഗിച്ചാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
തലച്ചോറില്‍ ഘടിപ്പിച്ചിരിക്കുന്ന ചിപ്പുകളാണ് ബ്രെയിന്‍-കമ്പ്യൂട്ടര്‍ ഇന്റര്‍ഫേസുകള്‍. ഇത് ഘടിപ്പിച്ചിരിക്കുന്നയാള്‍ ചിന്തിക്കുമ്പോള്‍ തലച്ചോറിന്റെ പ്രവര്‍ത്തനം കണ്ടെത്തുകയും അത് കമ്പ്യൂട്ടറിന് വായിക്കാന്‍ കഴിയുന്ന സിഗ്‌നലുകളിലേക്ക് വിവര്‍ത്തനം ചെയ്യുകയും ചെയ്യുന്നു. പരീക്ഷണത്തില്‍ പങ്കാളിയായ 65കാരന്‍ താന്‍ എഴുതുന്നുവെന്ന് സങ്കല്‍പ്പിച്ചപ്പോള്‍, അദ്ദേഹത്തിന്റെ മസ്തിഷ്‌ക ചിപ്പിലെ സെന്‍സറുകള്‍ വ്യക്തിഗത ന്യൂറോണുകളില്‍ നിന്ന് സിഗ്‌നലുകള്‍ തെരഞ്ഞെടുത്തു. ഈ സിഗ്‌നലുകള്‍ ഒരു മെഷീന്‍ ലേണിംഗ് അല്‍ഗൊരിതം തിരിച്ചറിയുകയും തത്സമയം എഴുതാന്‍ സാധിക്കുകയും ചെയ്തു.

ഇത്തരം ഇന്റര്‍ഫേസുകള്‍ ഉപയോഗിച്ച്, ഒരു കമ്പ്യൂട്ടറിന് ഒരു വ്യക്തിയുടെ തലച്ചോറില്‍ നിന്ന് നേരിട്ട് വരുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ കഴിയും. അതുവഴി ഒരു വ്യക്തിക്ക് കമ്പ്യൂട്ടര്‍ വഴി ചിന്തിച്ചു കൊണ്ട് ഒരു പ്രവര്‍ത്തി നിര്‍വഹിക്കാന്‍ കഴിയും. ഈ കേസില്‍ നട്ടെല്ലിന് പരിക്കേറ്റതിനാല്‍ കൈകള്‍ തളര്‍ന്നുപോയയാള്‍ തന്റെ കൈയുടെ ചലനങ്ങളെക്കുറിച്ച് ചിന്തിക്കുകയും 94% കൃത്യതയോടെ മിനിറ്റില്‍ 90 അക്ഷരങ്ങള്‍ എഴുതുകയും ചെയ്തു. അക്ഷരങ്ങളുടെ കൃത്യത 99% നേക്കാള്‍ കൂടുതലായിരുന്നു.

ഉപഭോക്താവിന്റെ പ്രായത്തിലുള്ള ഒരു വ്യക്തിയുടെ സ്മാര്‍ട്ട്ഫോണിലെ സാധാരണ ടൈപ്പിംഗ് സ്പീഡ് മിനിറ്റില്‍ 115 അക്ഷരങ്ങളായിരിക്കും. അതുകൊണ്ട് തന്നെ ബ്രെയിന്‍-ടു-ടെക്സ്റ്റ് കമ്മ്യൂണിക്കേഷന്‍ വഴി മിനിട്ടില്‍ 90 അക്ഷരങ്ങള്‍ ടൈപ്പ് ചെയ്തത് ഒരു വലിയ നേട്ടം തന്നെയാണെന്ന് വിദഗ്ധര്‍ പറയുന്നു. ഇത് ബ്രെയിന്‍-ടു-ടെക്സ്റ്റ് ആശയ വിനിമയത്തിന്റെ മുമ്പത്തെ റെക്കോര്‍ഡിനേക്കാള്‍ ഇരട്ടിയാണ്.

പക്ഷാഘാതം ബാധിച്ച ആളുകള്‍ക്ക് ദൈനംദിന ജീവിതത്തില്‍ അനായാസം ആശയവിനിമയം സാധ്യമാക്കാന്‍ ഇതുവഴി കഴിയുമെന്ന് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. ഈ വിജയം സംസാരം, സ്‌ക്രോളിംഗ്, പോയിന്റിംഗ്, ക്ലിക്കുചെയ്യല്‍ എന്നിവപോലുള്ള മറ്റ് ജോലികള്‍ സുഗമമാക്കുന്ന ഒരു സമഗ്ര സംവിധാനം വികസിപ്പിക്കുന്നതിലേയ്ക്കും ശാസ്ത്രജ്ഞരെ നയിക്കും. പുതിയ പഠന റിപ്പോര്‍ട്ട് മെയ് 12 ന് നേച്ചറിലാണ് പ്രസിദ്ധീകരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.