അടിയ്ക്കു പിന്നാലെ ഐ.എന്‍.എല്‍ പിളര്‍ന്നു; പരസ്പരം പുറത്താക്കി ഇരുവിഭാഗവും

 അടിയ്ക്കു പിന്നാലെ ഐ.എന്‍.എല്‍ പിളര്‍ന്നു; പരസ്പരം പുറത്താക്കി ഇരുവിഭാഗവും

കൊച്ചി: കൊച്ചിയിലെ യോഗത്തിലുണ്ടായ കൂട്ടത്തല്ലിന് പിന്നാലെ എല്‍ഡിഎഫിലെ ഘടകകക്ഷിയായ ഇന്ത്യന്‍ നാഷണല്‍ ലീഗ് (ഐ.എന്‍.എല്‍) പിളര്‍ന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിനെ പുറത്താക്കിയതായി പ്രസിഡന്റ് എ.പി അബ്ദുള്‍ വഹാബും അബ്ദുള്‍ വഹാബിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി കാസിം ഇരിക്കൂറും അറിയിച്ചു. സമാന്തരമായി യോഗങ്ങള്‍ ചേര്‍ന്ന ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇരുനേതാക്കളും പരസ്പരം പുറത്താക്കല്‍ പ്രഖ്യാപിച്ചത്.

കാസിം ഇരിക്കൂറിന് പകരം നാസര്‍ കോയ തങ്ങളെയാണ് അബ്ദുള്‍ വഹാബ് വിഭാഗം പുതിയ ജനറല്‍ സെക്രട്ടറിയായി നിയമിച്ചത്. മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായും അദ്ദേഹം അറിയിച്ചു. അതേസമയം ഐഎന്‍എല്‍ ദേശീയ നേതൃത്വത്തിന്റെ പിന്തുണ തങ്ങള്‍ക്കെന്നാണ് കാസിം വിഭാഗം അവകാശപ്പെടുന്നത്. അബ്ദുള്‍ വഹാബിനെ പുറത്താക്കിയ തീരുമാനം ദേശീയ നേതൃത്വത്തിന്റെതാണെന്നും കാസീം ഇരിക്കൂര്‍ അവകാശപ്പെട്ടു.

നിലവിലെ വര്‍ക്കിങ് പ്രസിഡന്റ് ഹംസ ഹാജിയെയാണ് കാസിം വിഭാഗം പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തത്. വഹാബിനൊപ്പം ഏഴ് സെക്രട്ടേറിയേറ്റ് അംഗങ്ങളെയും പാര്‍ട്ടില്‍നിന്ന് പുറത്താക്കിയതായി കാസിം ഇരിക്കൂര്‍ വ്യക്തമാക്കി. മുസ്ലീം ലീഗാണ് ഐഎന്‍എല്ലില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചതെന്നാണ് ഇരുവിഭാഗത്തിന്റെയും ആരോപണം.

അബ്ദുള്‍ വഹാബിന്റെ നേതൃത്വത്തിലുള്ള യോഗം കൊച്ചി തോപ്പുംപടിയിലും കാസിം ഇരിക്കൂര്‍ വിളിച്ച യോഗം ആലുവയിലുമാണ് ചേര്‍ന്നത്. കൊച്ചിയില്‍ ഞായറാഴ്ച രാവിലെ ചേര്‍ന്ന ഐഎന്‍എല്‍ സംസ്ഥാന നേതൃയോഗത്തില്‍ ഇരുവിഭാഗം പ്രവര്‍ത്തകരും പരസ്പരം ഏറ്റുമുട്ടിയിരുന്നു. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തിലായിരുന്നു സംഭവം. ഇതിന് പിന്നാലെയാണ് ഇരുവിഭാഗങ്ങളും പ്രത്യേകം യോഗം ചേര്‍ന്നത്.

പാര്‍ട്ടിയുടെ ഏക എംഎല്‍എ അഹമ്മദ് ദേവര്‍കോവില്‍ കാസിം ഇരിക്കൂറിനൊപ്പമാണെങ്കിലും പാര്‍ട്ടിയിലെ ഭൂപിപക്ഷം പ്രവര്‍ത്തകരും തങ്ങള്‍ക്കൊപ്പമാണെന്നാണ് അബ്ദുള്‍ വഹാബ് വിഭാഗം അവകാശപ്പെടുന്നത്. താന്‍ സംസ്ഥാന കമ്മിറ്റി വിളിക്കാന്‍ പറഞ്ഞിട്ടും കാസിം ഇരിക്കൂര്‍ അതിന് തയ്യാറാവുന്നില്ലെന്ന് വഹാബ് പറയുന്ന ഒരു ഓഡിയോ സന്ദേശം കഴിഞ്ഞ ദിവസങ്ങളില്‍ ഐഎന്‍എല്‍ നേതാക്കള്‍ക്കിടയില്‍ പ്രചരിച്ചിരുന്നു.

ഇതു തിരിച്ചറിഞ്ഞാണ് അഹമ്മദ് ദേവര്‍കോവിലിനോട് കൂടി ആലോചിച്ച് കാസിം ഇരിക്കൂര്‍ കൊച്ചിയില്‍ യോഗം വിളിച്ചത്. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഭൂരിഭാഗം നേതാക്കളും അബ്ദുള്‍ വഹാബിനൊപ്പമാണ് എന്നാണ് അറിയുന്നത്. മലപ്പുറത്തോ കോഴിക്കോട്ടോ യോഗം വിളിച്ചാല്‍ വഹാബിനെ അനുകൂലിക്കുന്ന കൂടുതല്‍ നേതാക്കള്‍ എത്തും എന്ന് തിരിച്ചറിഞ്ഞാണ് കാസിം ഇരിക്കൂര്‍ കൊച്ചിയില്‍ യോഗം വിളിച്ചതെന്നാണ് സൂചന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.