കൽപ്പറ്റ: ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ഇ-മാലിന്യമുക്ത ജില്ലയായി വയനാട്. 'നിർമലം' കാമ്പയിന്റെ ഭാഗമായ 'ഭൂമി' (BHOOMI) സംരംഭത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.
മുഖ്യമന്ത്രി വി.ഡി. സതീശൻ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തി. രാജ്യത്തിനാകെ മാതൃകയായ അഭിമാനകരമായ നേട്ടമാണ് വയനാട് സ്വന്തമാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ സമ്പൂർണ്ണ പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള പ്രത്യേക രൂപരേഖയും കല്പറ്റയിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു.
മന്ത്രി ടി സിദ്ദിഖിന്റെ നേതൃത്വത്തിൽ രണ്ട് മാസത്തോളം നീണ്ട കൂട്ടായ പ്രവർത്തനത്തിനൊടുവിലാണ് ജില്ല ഈ നേട്ടം കൈവരിച്ചത്. സർക്കാർ സ്ഥാപനങ്ങളിലെ ഇലക്ട്രോണിക് മാലിന്യങ്ങൾ നീക്കം ചെയ്തുകൊണ്ടായിരുന്നു തുടക്കം.
ഇതുവരെ 102.8 ടൺ ഇ-മാലിന്യമാണ് ജില്ലയിൽ നിന്ന് ശേഖരിച്ചത്. ഇവ ശാസ്ത്രീയ സംസ്കരണത്തിനായി ക്ലീൻ കേരള കമ്പനിയ്ക്ക് കൈമാറി. ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലുമായി പ്രത്യേക കളക്ഷൻ പോയിന്റുകളും, ഹരിതകർമസേനാംഗങ്ങൾ വീടുകളിലെത്തിയും ഇ-മാലിന്യങ്ങൾ ശേഖരിച്ചു. ഇ-മാലിന്യ നിർമാർജന പദ്ധതി തുടരുന്നതിനൊപ്പം, വയനാടിനെ കാലാവസ്ഥാ അനുകൂല കാർബൺ-ന്യൂട്രൽ ജില്ലയാക്കി മാറ്റുകയാണ് അടുത്ത ലക്ഷ്യം. ഇ- മാലിന്യ ശേഖരണത്തിനായി പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും മൂന്ന് ഘട്ടങ്ങളായാണ് ക്രമീകരിച്ചത്. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ഓഫീസുകളെയും സ്ഥാപനങ്ങളെയും ഇ-മാലിന്യമുക്തമാക്കി. തുടര്‍ന്ന് വീടുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, ടൂറിസം കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് ഇ-മാലിന്യം ശേഖരിച്ചു. ശേഖരണത്തില്‍ ഉള്‍പ്പെടാതെ പോയ സ്ഥലങ്ങളിലേക്ക് മൂന്നാംഘട്ടത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.