ഏകീകൃത ബലിയര്‍പ്പണരീതി നവംബര്‍ 28 മുതല്‍ നടപ്പാക്കും: സീറോ മലബാര്‍ സഭാ സിനഡ്

ഏകീകൃത ബലിയര്‍പ്പണരീതി നവംബര്‍ 28 മുതല്‍ നടപ്പാക്കും: സീറോ മലബാര്‍ സഭാ സിനഡ്

കൊച്ചി: ഫ്രാന്‍സിസ് മാര്‍പ്പാപ്പ നിര്‍ദ്ദേശിച്ച പ്രകാരമുള്ള ഏകീകൃത ബലിയര്‍പ്പണരീതി അടുത്ത ആരാധനാക്രമ വത്സരം ആരംഭിക്കുന്ന 2021 നവംബര്‍ 28 ഞായറാഴ്ച മുതല്‍ സഭയില്‍ നടപ്പിലാക്കാന്‍ സീറോ മലബാര്‍ സഭാ സിനഡ് തീരുമാനിച്ചു. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ മാറ്റിവച്ച് സഭയുടെ പൊതുനന്മയെ ലക്ഷ്യമാക്കി ഒരു മനസോടെ ഈ തീരുമാനം നടപ്പിലാക്കണമെന്ന് സിനഡില്‍ പങ്കെടുത്ത പിതാക്കന്മാര്‍ സഭാംഗങ്ങളോട് അഭ്യര്‍ത്ഥിച്ചു.

കാര്‍മികന്‍ ആമുഖ ശുശ്രൂഷയും വചന ശുശ്രൂഷയും വചനവേദി (ബേമ്മ)യില്‍ വച്ചു ജനാഭിമുഖമായും അനാഫൊറാ ഭാഗം അള്‍ത്താരയ്ക്ക് അഭിമുഖമായും വിശുദ്ധ കുര്‍ബ്ബാന സ്വീകരണത്തിനു ശേഷമുള്ള സമാപന ശുശ്രൂഷ ജനാഭിമുഖമായും നിര്‍വഹിക്കുക എന്നതാണ് ഏകീകരിച്ച വിശുദ്ധ കുര്‍ബ്ബാന അര്‍പ്പണരീതി.

ഏകീകരിച്ച വിശുദ്ധ കുര്‍ബ്ബാന അര്‍പ്പണ രീതി രൂപത മുഴുവനും ഒരുമിച്ചു നടപ്പിലാക്കാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന രൂപതകളില്‍ മേല്‍പറഞ്ഞ തീരുമാനം അംഗീകരിച്ചു കൊണ്ട് ആദ്യഘട്ടമായി കത്തീഡ്രല്‍ പള്ളികളിലും തീര്‍ത്ഥാടന കേന്ദ്രങ്ങളിലും സന്ന്യാസ ഭവനങ്ങളിലും മൈനര്‍ സെമിനാരികളിലും സാധ്യമായ ഇടവകകളിലും 2021 നവംബര്‍ 28നു തന്നെ ആരംഭിക്കണം.

ഈ ദിവസം മുതല്‍ സഭയിലെ എല്ലാ പിതാക്കന്‍മാരും ഏകീകരിച്ച ക്രമത്തിലുള്ള ദിവ്യബലി അര്‍പ്പിക്കുവാന്‍ തീരുമാനിച്ചു. ഏകീകരിച്ച ബലിയര്‍പ്പണ രീതി ഫലപ്രദമായ ആരാധനക്രമ ബോധവത്ക്കരണത്തിലൂടെ 2022ലെ ഈസ്റ്റര്‍ ഞായറാഴ്ചയോടെയെങ്കിലും രൂപത മുഴുവനിലും നടപ്പിലാക്കണം.

ദിവ്യബലി അര്‍പ്പണ രീതി ഏകീകരിക്കുവാനായി 1999ലെ സഭാ സിനഡ് എടുത്തതും തുടര്‍ന്നുള്ള സിനഡുകളില്‍ ആവര്‍ത്തിച്ച് അംഗീകരിച്ചതുമായ തീരുമാനം താമസം വിനാ നടപ്പിലാക്കാന്‍ ആവശ്യപ്പെട്ട് ഫ്രാന്‍സീസ് മാര്‍പാപ്പാ സീറോ മലബാര്‍ സഭയിലെ മെത്രാന്മാര്‍ക്കും വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും അല്‍മായര്‍ക്കുമായി എഴുതിയ കത്തിനെ സിനഡ് പിതാക്കന്മാര്‍ ഐക്യകണ്‌ഠേന സ്വീകരിച്ചു.

സീറോ മലബാര്‍ സഭയുടെ കൂട്ടായ്മയെ ശക്തിപ്പെടുത്താന്‍ നടത്തിയ പൈതൃകമായ ഇടപെടലിനും വ്യക്തമായ മാര്‍ഗ നിര്‍ദേശങ്ങള്‍ക്കും സഭയുടെ നാമത്തില്‍ സിനഡ് മാര്‍പാപ്പയ്ക്ക് കൃതജ്ഞത രേഖപ്പെടുത്തി. കഴിഞ്ഞ നാലുപതിറ്റാണ്ടായി ആരാധനാക്രമ നവീകരണവുമായി ബന്ധപ്പെട്ട് സഭയൊന്നാകെ നടത്തിയ പഠനത്തിനും പ്രാര്‍ത്ഥനയ്ക്കും ദൈവം തന്ന ഉത്തരമായാണ് പരിശുദ്ധ പിതാവിന്റെ കത്തിനെ സിനഡ് വിലയിരുത്തിയത്.

കേരളത്തിലെ ക്രൈസ്തവ സമൂഹം അഭിമുഖീകരിക്കുന്ന വിവിധ സാമൂഹിക പ്രതിസന്ധികളെക്കുറിച്ച് ഭരണ-പ്രതിപക്ഷ കക്ഷികളിലെ ഏതാനും ജനപ്രതിനിധികളുമായി സിനഡ് പിതാക്കന്മാര്‍ ചര്‍ച്ച നടത്തി. കര്‍ഷകര്‍ അനുഭവിക്കുന്ന വിവേചനങ്ങളും കഷ്ടതകളും നിയമസഭയിലും പാര്‍ലമെന്റിലും ഉന്നയിച്ച് അനുകൂല തീരുമാനങ്ങള്‍ക്കു വഴിയൊരുക്കാം എന്ന് ജനപ്രതിനിധികള്‍ ഉറപ്പു നല്‍കി.

കര്‍ഷകരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യമൃഗ ശല്യം ബഫര്‍സോണും പരിസ്ഥിതി ലോല പ്രദേശങ്ങളും നിര്‍ണ്ണയിക്കുന്നതിലെ അശാസ്ത്രീയത, ദളിത് ക്രൈസ്തവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, ജെ ബി കോശി കമ്മീഷനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, കുട്ടനാട്ടിലെ കര്‍ഷകരും തീരദേശനിവാസികളും അനുഭവിക്കുന്ന പ്രതിസന്ധികള്‍ എന്നിവ ചര്‍ച്ച ചെയ്തു.

രാഷ്ട്രനിര്‍മ്മാണത്തിനായുള്ള ക്രൈസ്തവരുടെ സംഭാവനകളെ അവഗണിക്കുന്ന സമീപനം ഉത്തരവാദിത്വപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതിലുള്ള ആശങ്ക സിനഡ് ജനപ്രതിനിധികളെ അറിയിച്ചു. സംവരണേതര വിഭാഗങ്ങള്‍ക്കായുള്ള സാമ്പത്തിക സംവരണത്തിന്റെ പ്രയോജനം അര്‍ഹരായവര്‍ക്കു ലഭിക്കുന്നതില്‍ നേരിടുന്ന പ്രായോഗിക പ്രശ്‌നങ്ങളെക്കുറിച്ചും സ്വാശ്രയ സ്ഥാപനങ്ങളെ ദോഷകരമായി ബാധിക്കുന്ന നിയമ നിര്‍മ്മാണങ്ങളെക്കുറിച്ചുമുള്ള ആശങ്കകളെക്കുറിച്ചും യോഗം ചര്‍ച്ചചെയ്തു.

സീറോമലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്രം എന്ന പദവിയിലേക്ക് തലശ്ശേരി അതിരൂപതയിലെ പേരാവൂര്‍ സെന്റ് ജോസഫ്‌സ് ഫൊറോനാ ദൈവാലയത്തെ ഉയര്‍ത്താന്‍ തീരുമാനിച്ചു. കുടിയേറ്റ ജനതയുടെ ആത്മീയവും ഭൗതീകവുമായ വളര്‍ച്ചയ്ക്ക് ഈ ദൈവാലയം നിസ്തുലമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്ന് വിലയിരുത്തിയാണ് ഈ പദവി നല്‍കിയിരിക്കുന്നത്.

ക്രൈസ്തവ വിശ്വാസത്തെയും പ്രതീകങ്ങളെയും നിരന്തരം അവഹേളിക്കുന്ന പ്രവണതകള്‍ കേരളത്തിന്റെ സാംസ്‌ക്കാരിക രംഗത്ത് പ്രത്യേകിച്ചും ചലചിത്ര മേഖലയില്‍ വര്‍ദ്ധിച്ചു വരുന്നത് തികച്ചും അപലപനീയമാണ്. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ സഭ എക്കാലവും ബഹുമാനിക്കുന്നു. അതോടൊപ്പം ഒരു ജനതയുടെ വിശ്വാസ പൈതൃകങ്ങളെ ആദരിക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്ന് സിനഡ് ആവശ്യപ്പെട്ടു.

ഡല്‍ഹിയിലെ ഫരീദാബാദ് സീറോമലബാര്‍ സഭയുടെ അന്ധേരി മോഡിലുള്ള ലിറ്റില്‍ ഫ്‌ളവര്‍ ദേവാലയം ഇടിച്ചു നിരത്തിയ സംഭവം തികച്ചും ഖേദകരമാണെന്ന് സിനഡ് വിലയിരുത്തി. വിശുദ്ധ കുര്‍ബാനയും ആരാധനാ വസ്തുക്കളും മറ്റും ദേവാലയത്തില്‍ സൂക്ഷിച്ചിരുന്ന സാഹചര്യത്തിലാണ് പ്രസ്തുത സംഭവം നടന്നത് എന്നതും ഏറെ ദുഃഖമുളവാക്കുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധികാരികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സിനഡ് ആവശ്യപ്പെട്ടു.

കോവിഡ് രോഗം മൂലം മരണമടഞ്ഞ നാനാജാതിമതസ്ഥരായ സഹോദരങ്ങള്‍ക്ക് സിനഡ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സീറോ മലങ്കര സഭയുടെ ഗുഡ്ഗാവ് രൂപതാ അധ്യക്ഷനായിരുന്ന മാര്‍ ജേക്കബ് ബാര്‍ണബാസ് പിതാവിന്റെ മരണത്തില്‍ സിനഡ് അനുശോചനം അറിയിച്ചു. കോവിഡ് ബാധിച്ചു മരിച്ച സാഗര്‍ രൂപതയുടെ മുന്‍ അധ്യക്ഷന്‍ മാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവില്‍ പിതാവിന്റെ സേവനങ്ങളെ സിനഡ് കൃതജ്ഞതയോടെ അനുസ്മരിച്ചു.

ഓഗസ്റ്റ് 16 മുതല്‍ ഓണ്‍ലൈനായി നടന്നു വന്ന സീറോ മലബാര്‍ സഭാ സിനഡിന്റെ 29-ാം സമ്മേളനത്തിന്റെ രണ്ടാം ഭാഗം ഇന്നവസാനിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.