ജോജു ക്രിമിനല്‍, ഗുണ്ടയെപ്പോലെ പെരുമാറി: രൂക്ഷ വിമര്‍ശനവുമായി കെ. സുധാകരന്‍

ജോജു ക്രിമിനല്‍, ഗുണ്ടയെപ്പോലെ പെരുമാറി: രൂക്ഷ വിമര്‍ശനവുമായി കെ. സുധാകരന്‍

തിരുവനന്തപുരം: കൊച്ചിയില്‍ കോണ്‍ഗ്രസ് നടത്തിയ ഉപരോധ സമരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ നടന്‍ ജോജു ജോര്‍ജിനെതിരേ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. ജോജുവിനെ ക്രിമിനല്‍ എന്ന് വിശേഷിപ്പിച്ച സുധാകരന്‍ ഗുണ്ടയെപ്പോലെ സമരക്കാര്‍ക്കു നേരെ പാഞ്ഞടുത്ത ജോജുവിനെതിരേ പൊലീസ് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. മുണ്ടും മാടിക്കെട്ടി സമരക്കാര്‍ക്കുനേരെ ഗുണ്ടയെപ്പോലെ പാഞ്ഞടുക്കുകയായിരുന്നു ജോജു ജോര്‍ജ്. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന് ജോജു ജോര്‍ജിനെതിരേ നടപടി സ്വീകരിക്കണം. ആ നടപടി ജനങ്ങളെയും സമൂഹത്തെയും ബോധ്യപ്പെടുത്താന്‍ ഉതകുന്നതായിരിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

വാഹനം തകര്‍ക്കാനുള്ള അവസരം ഉണ്ടാക്കിയത് ജോജുവാണ്. സമരക്കാര്‍ക്കു നേരെ ചീറിപ്പാഞ്ഞതു കൊണ്ടാണ് വാഹനം തകര്‍ത്തത്. അവിടെയുണ്ടായിരുന്ന മറ്റൊരു വാഹനത്തിന്റെയും ചില്ല് പൊളിഞ്ഞിട്ടില്ലല്ലോ. അക്രമം കാട്ടിയ അക്രമിയുടെ കാറ് തകര്‍ത്തെങ്കില്‍ അത് ജനരോഷത്തിന്റെ ഭാഗമാണ്. സ്വാഭാവികമായ ഒരു കാര്യമാണ് അത്. അതില്‍ അത്ഭുതപ്പെടാനൊന്നുമില്ലെന്നായിരുന്നു സുധാകരന്റെ പ്രതികരണം.

ഇന്ധനവിലയുടെ കാര്യത്തില്‍ ഇനിയെപ്പോഴാണ് സമരം ചെയ്യേണ്ടത്. നിങ്ങള്‍ എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്ന് ജനം ഞങ്ങളോട് ചോദിക്കുകയാണ്. ഒരു മണിക്കൂര്‍ മാത്രമാണ് സമാധാനപരമായി സമരം ചെയ്തത്. അത് കുറ്റകരമാണെന്ന് ആര്‍ക്കെങ്കിലും പറയാനാകുമോ. ജോജു എന്ന ക്രിമിനലിനെതിരേ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിക്കുന്നു എന്ന് നോക്കിയ ശേഷമായിരിക്കും അടുത്ത നടപടി സ്വീകരിക്കുകയെന്നും കെ. സുധാകരന്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.