ദിലീപിന്റെ വാദം പൊളിഞ്ഞു: തിങ്കളാഴ്ച ഫോണുകള്‍ ഹാജരാക്കണം; കടുപ്പിച്ച് ഹൈക്കോടതി

ദിലീപിന്റെ വാദം പൊളിഞ്ഞു: തിങ്കളാഴ്ച ഫോണുകള്‍ ഹാജരാക്കണം; കടുപ്പിച്ച് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട ഫോണുകള്‍ ദിലീപും കൂട്ടുപ്രതികളും തിങ്കളാഴ്ച കൈമാറണമെന്ന് ഹൈക്കോടതി. ആറ് ഫോണുകളാണ് ഹാജരാക്കേണ്ടത്. ഫോണുകള്‍ ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന ദിലീപിന്റെ അപേക്ഷ ജസ്റ്റിസ് പി ഗോപിനാഥ് തള്ളി.

തിങ്കളാഴ്ച രാവിലെ 10.15ന് ഫോണ്‍ മുദ്രവച്ച പെട്ടിയില്‍ ഹൈക്കോടതി രജിസ്ട്രിക്കു കൈമാറണം. ഇത് അനുസരിച്ചില്ലെങ്കില്‍ ദിലീപിന് അറസ്റ്റില്‍നിന്നു നല്‍കിയ സംരക്ഷണം പിന്‍വലിക്കുമെന്ന് കോടതി മുന്നറിയിപ്പു നല്‍കി.

ഫോണ്‍ മുംബൈയില്‍ ആണെന്നും ഹാജരാക്കാന്‍ ചൊവ്വാഴ്ച വരെ സമയം വേണമെന്നും ദിലീപിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. നിങ്ങള്‍ക്ക് വേണമെങ്കില്‍ സുപ്രീം കോടതിയില്‍  അപ്പീല്‍ പോകാമെന്നും ജസ്റ്റിസ് പി ഗോപിനാഥ് പറഞ്ഞു.

ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തല്‍ നടത്തിയതിനു പിന്നാലെ പ്രതികള്‍ എല്ലാവരും ഉപയോഗിച്ചുകൊണ്ടിരുന്ന ഫോണ്‍ ഒറ്റയടിക്ക് മാറ്റിയതു തന്നെ ഗൂഢാലോചനയ്ക്കു തെളിവാണെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ പറഞ്ഞു. ബാലചന്ദ്രകുമാര്‍ കൈമാറിയ ക്ലിപ്പിലെ ശബ്ദം തങ്ങളുടേതാണെന്ന് ചോദ്യം ചെയ്യലിനിടെ പ്രതികള്‍ സമ്മതിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

സ്വകാര്യ വിവരങ്ങള്‍ ഉണ്ട് എന്നതുകൊണ്ടു മാത്രം കുറ്റകൃത്യത്തിന് ഉപയോഗിച്ച് ഫോണിന് അന്വേഷണത്തില്‍ നിന്നു സംരക്ഷണം നല്‍കാനാവില്ലെന്ന്  പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി.എ ഷാജി പറഞ്ഞു. അറസ്റ്റില്‍ നിന്നുള്ള സംരക്ഷണത്തിന് ദിലീപിന് അര്‍ഹതയില്ല. ദിലീപ്, അനൂപ്, സൂരജ് എന്നിവര്‍ 2017 ല്‍ എംജി റോഡില്‍ ഗൂഢാലോചന നടത്തിയെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

ഫോണ്‍ പ്രതിയായ ദിലീപ് സ്വന്തം നിലയ്ക്കു പരിശോധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഫോണ്‍ പരിശോധിക്കുന്നതിന് ചുമതലപ്പെട്ട ഏജന്‍സികള്‍ ഏതൊക്കെയന്ന് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരം കേന്ദ്ര അംഗീകൃത ഏജന്‍സി വഴി മാത്രമേ ഫോണ്‍ പരിശോധനയ്ക്ക് അയയ്ക്കാവൂ. അപ്രകാരമല്ലാത്ത നടപടി ഐ.ടി ആക്ട് പ്രകാരം നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി.

ഐ.ടി നിയമത്തിലെ 79-ാം വകുപ്പില്‍ ഫോണ്‍ പരിശോധിക്കുന്ന ഏജന്‍സികളുമായി ബന്ധപ്പെട്ട വ്യക്തമായ നിര്‍ദേശങ്ങളുണ്ടെന്ന് കോടതി പറഞ്ഞു. നിങ്ങള്‍ നിങ്ങളുടെ ഫോണ്‍ സ്വന്തം ഏജന്‍സിയെക്കൊണ്ടു പരിശോധിപ്പിക്കുന്നത് അംഗീകരിക്കാനവില്ലെന്ന് ഫോണ്‍ കൈമാറണമെന്ന ക്രൈംബ്രാഞ്ചിന്റെ ഹര്‍ജി പരിഗണിച്ചുകൊണ്ട് ജസ്റ്റിസ് പി ഗോപിനാഥ് പറഞ്ഞു.

ഫോണ്‍ കൈമാറുക തന്നെ വേണമെന്ന് കോടതി നിര്‍ദേശിച്ചപ്പോള്‍ കേരളത്തിലെ ഫോറന്‍സിക് ലാബുകളില്‍ പരിശോധിക്കരുതെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ബി.രാമന്‍ പിള്ള ആവശ്യപ്പെട്ടു. കേരളത്തിലെ ഫോറന്‍സിക് ലാബുകള്‍ കേരള പൊലീസിന്റെ ഭാഗമാണെന്ന് രാമന്‍ പിള്ള വാദിച്ചു.

തന്റെ കക്ഷിക്കു പോകാന്‍ വേറെ ഇടമില്ല. ഈ കോടതി മാത്രമാണ് ആശ്രയം. ദിലീപ് കോടതിയുടെ കരുണ തേടുകയാണെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍ ഇത് ദയയുടെ പ്രശ്‌നമല്ല, അന്വേഷണത്തിന്റെയും അതിന്റെ പുരോഗതിയുടെയും വിഷയമാണെന്ന് കോടതി പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.