പൊലീസ് റെക്കോര്‍ഡില്‍ ഇനി വിരലടയാളം മുതല്‍ രക്ത സാംപിള്‍ വരെ; കുറ്റവാളി തിരിച്ചറിയല്‍ ചട്ട പരിഷ്‌ക്കരണ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു

പൊലീസ് റെക്കോര്‍ഡില്‍ ഇനി വിരലടയാളം മുതല്‍ രക്ത സാംപിള്‍ വരെ; കുറ്റവാളി തിരിച്ചറിയല്‍ ചട്ട പരിഷ്‌ക്കരണ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു

ന്യൂഡല്‍ഹി: കുറ്റവാളി തിരിച്ചറിയല്‍ ചട്ട പരിഷ്‌ക്കരണ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയാണ് നിര്‍ണായക ബില്‍ അവതരിപ്പിച്ചത്. അറസ്റ്റിലാകുന്നവരുടെയും വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരുടെയും രക്തസാംപിള്‍, ബയോമെട്രിക് രേഖകള്‍ എന്നിവയടക്കം ശേഖരിക്കാന്‍ പൊലീസിന് അധികാരം നല്‍കുന്ന ബില്ലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലോക്‌സഭയില്‍ അവതരിപ്പിച്ചത്.

102 വര്‍ഷം പഴക്കമുള്ള 'ദി ഐഡന്റിഫിക്കേഷന്‍ ഓഫ് പ്രിസണേഴ്‌സ് ആക്ടി'ലെ (1920) വ്യവസ്ഥകള്‍ ഭേദഗതി ചെയ്താണു കുറ്റവാളി തിരിച്ചറിയല്‍ ചട്ട ബില്‍ അവതരിപ്പിച്ചത്.
എന്നാല്‍ കസ്റ്റഡിയിലുള്ളവരുടെയും പ്രതികളുടെയും ജീവശാസ്തരപരമായ വിവരങ്ങളടക്കം ശേഖരിക്കാന്‍ പൊലീസ് അധികാരം നല്‍കുന്നത് മൗലികാവകാശ ലംഘനമെന്ന് പ്രതിപക്ഷം ആരോപിച്ചു. കേന്ദ്ര മന്ത്രിസഭാ യോഗം അടുത്തിടെ ബില്ലിന് അംഗീകാരം നല്‍കിയിരുന്നു.

ഒരു വര്‍ഷത്തിലധികം ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളില്‍ അറസ്റ്റിലാകുന്നവരുടെയും ശിക്ഷിക്കപ്പെടുന്നവരുടെയും വിരലടയാളം, കൈ, കാല്‍ മുദ്രകള്‍, ഫോട്ടോ എന്നിവ ശേഖരിക്കാനുള്ള അധികാരമാണു നിലവില്‍ പൊലീസിനുള്ളത്. നിയമം ഭേദഗതി ചെയ്യുന്നതോടെ രക്ത, മൂത്ര സാംപിള്‍, കണ്ണിന്റെ കൃഷ്ണമണി അടക്കമുള്ള ബയോമെട്രിക് രേഖകള്‍, ശാരീരിക അളവുകള്‍ എന്നിവ ശേഖരിക്കാനും 75 വര്‍ഷം അവ സൂക്ഷിക്കാനും പൊലീസിന് അധികാരം ലഭിക്കും.

ആളുടെ സ്വഭാവ സവിശേഷതകള്‍, കൈയ്യക്ഷരം എന്നിവയും രേഖപ്പെടുത്തും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളില്‍ അറസ്റ്റിലാകുന്നവര്‍, ഏഴ് വര്‍ഷത്തിലധികം ശിക്ഷിക്കപ്പെട്ടവര്‍ എന്നിവര്‍ നിര്‍ബന്ധമായും സാംപിള്‍ നല്‍കണം.

അതേസമയം സംസ്ഥാനങ്ങളുമായി ആശയ വിനിമയം നടത്തിയ ശേഷമാണ് ബില്‍ കൊണ്ടുവന്നതെന്നും വിവര സുരക്ഷിതത്വത്തിന് സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക നിയമം നിര്‍മിക്കാമെന്നും ആഭ്യന്തര സഹമന്ത്രി പാര്‍ലമെന്റിനെ അറിയിച്ചു. കോടതി വെറുതെ വിടുന്നവരുടെ വിവരങ്ങള്‍ സൂക്ഷിച്ചു വയ്ക്കില്ലെന്നും കേന്ദ്രം ഉറപ്പ് നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.