നെറ്റ്ഫ്‌ളിക്‌സ് പാസ്‌വേര്‍ഡ് പങ്കുവയ്ക്കല്‍ അവസാനിപ്പിക്കുന്നു

നെറ്റ്ഫ്‌ളിക്‌സ് പാസ്‌വേര്‍ഡ് പങ്കുവയ്ക്കല്‍ അവസാനിപ്പിക്കുന്നു

സാന്‍ഫ്രാന്‍സിസ്‌കോ: ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ് പാസ്‌വേര്‍ഡ് പങ്കുവയ്ക്കല്‍ പൂര്‍ണമായി അവസാനിപ്പിക്കുന്നു. നേരത്തെ തന്നെ ഇക്കാര്യം നെറ്റ്ഫ്‌ളിക്‌സ് തീരുമാനിച്ചിരുന്നെങ്കിലും ഉപയോക്താക്കളുടെ എണ്ണത്തിലുണ്ടായ ഗണ്യമായ ഇടിവിനെ തുടര്‍ന്ന് ഇതു പെട്ടെന്ന് നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

വീടിനു പുറത്തേക്ക് അക്കൗണ്ട് വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ അധിക തുക ഈടാക്കാനാണ് നെറ്റ്ഫ്‌ളിക്‌സിന്റെ നീക്കം. ചിലി, കോസ്റ്ററിക്ക, പെറു തുടങ്ങിയ രാജ്യങ്ങളില്‍ ഇതിന്റെ പരീക്ഷണം ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. വൈകാതെ അമേരിക്ക ഉള്‍പ്പടെ രാജ്യങ്ങളില്‍ ടെസ്റ്റിംഗ് സംവിധാനം കൊണ്ടുവരുമെന്നാണ് നെറ്റ്ഫ്‌ളിക്സ് അറിയിച്ചത്.

എങ്ങനെയാണ് ഇത് കണ്ടെത്തുക എന്നതില്‍ വ്യക്തതയില്ല. നിലവില്‍ പലര്‍ ചേര്‍ന്ന് നെറ്റ്ഫ്‌ളിക്‌സ് അക്കൗണ്ട് എടുത്ത് പാസ്‌വേര്‍ഡ് പങ്കുവച്ച് ഉപയോഗിക്കുകയാണ് പതിവ്. പുതിയ രീതി നിലവില്‍ വന്നാല്‍ ഈ പതിവിനു മാറ്റമുണ്ടായേക്കും.

ആഗോള തലത്തില്‍ രണ്ട് ലക്ഷം ഉപഭോക്താക്കളെയാണ് ഈ സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ നഷ്ടമായത്. ഇനി മുതല്‍ നെറ്റ്ഫ്‌ളിക്‌സ് പ്ലാനുകളില്‍ കാതലായ മാറ്റങ്ങള്‍ ഉണ്ടായേക്കും എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. അക്കൗണ്ട് പങ്കുവയ്ക്കുന്നതും പാസ്‌വേര്‍ഡ് പങ്കുവയ്ക്കുന്നതും കര്‍ശനമായി നിയന്ത്രിക്കാന്‍ സാധ്യതയുണ്ട്. ഇന്ത്യയില്‍ നിലവില്‍ പ്രീമിയം നെറ്റ്ഫ്‌ളിക്‌സ് അക്കൗണ്ടിന് 649 രൂപയാണ് വില. ഇതില്‍ സാധാരണയായി ഒരേ സമയം നാല് പേര്‍ക്കാണ് അനുവദിക്കുക. ആളുകള്‍ പാസ്വേര്‍ഡ് പങ്കുവയ്ക്കുകയും നാല് ആളുകള്‍ പല ഉപകരണങ്ങളില്‍ നിന്ന് നെറ്റ്ഫ്‌ളിക്‌സില്‍ ലോഗിന്‍ ചെയ്യുകയുമാണ് പതിവ്.

പരസ്യങ്ങള്‍ ഉള്‍പ്പെടുത്തി കുറഞ്ഞ നിരക്കിലുള്ള സബ്‌സ്‌ക്രിപ്ക്ഷന്‍ പ്ലാനുകള്‍ അവതരിപ്പിക്കാന്‍ കമ്പനി ഉദ്ദേശിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹുലു, ഡിസിനി പ്ലസ്, എച്ച്.ബി.ഒ തുടങ്ങിയ സേവനങ്ങള്‍ക്കും ഈ രീതി നടപ്പാക്കിയിട്ടുണ്ട്. എന്നാല്‍ അടുത്ത രണ്ട് വര്‍ഷത്തേക്ക് ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന ഈ ഒരു ഇടിവിനെ മറികടക്കുന്നതിനു വേണ്ടി പരസ്യത്തിന്റെ പിന്തുണയോടെ സബ്‌സ്‌ക്രിപ്ഷന്‍ നിരക്ക് കുറച്ച് സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം കൂട്ടാനാണ് ആലോചനയെന്ന് നെറ്റ്ഫ്‌ളിക്‌സ് കോ-സി.ഇ.ഒ റീഡ് ഹേസ്റ്റിംഗ്‌സ് പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.