ജിദ്ദ ഉൾപ്പെടെയുള്ള സൗദി തുറമുഖങ്ങൾ ആക്രമിക്കുമെന്ന് ഹൂതി ഭീഷണി; യെമനിൽ സംഘർഷം രൂക്ഷം

ജിദ്ദ ഉൾപ്പെടെയുള്ള സൗദി തുറമുഖങ്ങൾ ആക്രമിക്കുമെന്ന് ഹൂതി ഭീഷണി; യെമനിൽ സംഘർഷം രൂക്ഷം

സന: സൗദി അറേബ്യയിലെ ജിദ്ദ ഉൾപ്പെടെയുള്ള ചെങ്കടൽ തുറമുഖങ്ങൾ ആക്രമിക്കുമെന്ന് യെമനിലെ ഹൂതി വിമതർ ഭീഷണി മുഴക്കി. ഹൂതികളുടെ നിയന്ത്രണത്തിലുള്ള ഹൊദൈദ തുറമുഖത്തിന് നേരെ സൗദി സഖ്യസേന ആക്രമണം നടത്തിയാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി സൗദിയിലെ ചെങ്കടൽ തുറമുഖങ്ങളിലെ ജീവനക്കാരോടും സമീപവാസികളോടും ഒഴിഞ്ഞുപോകാനും കപ്പൽ കമ്പനികളോട് കപ്പലുകൾ മാറ്റാനും ഹൂതി സൈനിക വക്താവ് യഹ്യ സരീ ബുധനാഴ്ച ആവശ്യപ്പെട്ടു.

ഹൊദൈദയ്ക്ക് നേരെ സൗദി സൈനിക നടപടി ഉണ്ടായേക്കുമെന്ന ആശങ്കകൾക്കിടെയാണ് ഹൂതികളുടെ ഈ നീക്കം. ഇതിന് പിന്നാലെ ഹൊദൈദ തുറമുഖത്തിന് സമീപമുള്ള നിശ്ചിത പ്രദേശങ്ങളിൽ നിന്ന് സാധാരണക്കാർ ഒഴിഞ്ഞുപോകണമെന്ന് സൗദി സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി ആവശ്യപ്പെടുകയും  ഒഴിഞ്ഞുപോകേണ്ട മേഖല വ്യക്തമാക്കുന്ന ഭൂപടം പുറത്തുവിടുകയും ചെയ്തു.

തുടർന്ന് ഹൊദൈദയിലെ സൈനിക കേന്ദ്രങ്ങളെയും വടക്കൻ യെമനിലെ സഅദ, അംറാൻ പ്രവിശ്യകളിലെ ലക്ഷ്യങ്ങളെയും ആക്രമിച്ചതായി സഖ്യസേന അറിയിച്ചു. എന്നാൽ, ആക്രമണങ്ങളിലെ നാശനഷ്ടങ്ങളെയോ തുറമുഖത്തിന്റെ പ്രവർത്തനത്തെ ബാധിച്ച സാഹചര്യത്തെയോ കുറിച്ച് സ്വതന്ത്ര സ്ഥിരീകരണം ലഭ്യമായിട്ടില്ല. അതേസമയം, ജിദ്ദയിലോ സൗദിയിലെ മറ്റേതെങ്കിലും തുറമുഖങ്ങളിലോ ഹൂതികൾ ആക്രമണം നടത്തിയതായി ഇതുവരെ റിപ്പോർട്ടുകളില്ല.

ചൊവ്വാഴ്ച സൗദി തലസ്ഥാനമായ റിയാദിലുണ്ടായ ഡ്രോൺ ആക്രമണത്തിന് പിന്നാലെയാണ് മേഖലയിൽ സംഘർഷം വീണ്ടും പൊട്ടിപ്പുറപ്പെട്ടത്. സൗദിയുടെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന കിങ് അബ്ദുള്ള ഫിനാൻഷ്യൽ ഡിസ്ട്രിക്ടിലെ ഒരു പ്രധാന കെട്ടിടത്തിന് നേരെയായിരുന്നു ആക്രമണം.

ആക്രമണത്തിൽ രണ്ട് സൗദി പൗരന്മാർ, രണ്ട് ഇന്ത്യക്കാർ, മൂന്ന് നേപ്പാൾ സ്വദേശികൾ, നാല് ഈജിപ്ഷ്യൻ പൗരന്മാർ എന്നിവരുൾപ്പെടെ 11 പേർക്ക് പരിക്കേറ്റതായി സൗദി സിവിൽ ഡിഫൻസ് അറിയിച്ചു. ആക്രമണത്തിന് പിന്നിൽ ഹൂതികളാണെന്ന് സൗദി ആരോപിച്ചെങ്കിലും ഹൂതികൾ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.

സൗദിയുടെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റം അംഗീകരിക്കില്ലെന്നും രാജ്യത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ശക്തമായ നടപടിയുണ്ടാകുമെന്നും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ വ്യക്തമാക്കി. ഇതിനിടെ  ബുധനാഴ്ച സൗദിയുടെ കിഴക്കൻ പ്രവിശ്യയ്ക്ക് മുകളിൽ രണ്ട് ഡ്രോണുകൾ തടഞ്ഞുനശിപ്പിച്ചതായും സഖ്യസേന അറിയിച്ചു.

യെമനിലേക്കുള്ള ഭക്ഷണം, ഇന്ധനം, മരുന്നുകൾ എന്നിവയുടെ ഇറക്കുമതിയുടെ ജീവനാഡിയാണ് ഹൊദൈദ. 2025-ലെ ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം യെമനിലേക്കുള്ള വാണിജ്യ ഇറക്കുമതിയുടെ 70 ശതമാനവും മാനുഷിക സഹായത്തിന്റെ 80 ശതമാനവും ഹൊദൈദ, അൽ സലീഫ്, റാസ് ഈസ എന്നീ തുറമുഖങ്ങൾ വഴിയാണ് എത്തുന്നത്. തുറമുഖങ്ങളുടെ പ്രവർത്തനം തടസ്സപ്പെട്ടാൽ യെമനിലെ ജനജീവിതം കടുത്ത പ്രതിസന്ധിയിലാകും.

മറുവശത്ത് തെക്കൻ യെമനിലും പോരാട്ടം ശക്തമാണ്. ഹൂതി സേന ഏദനിലേക്ക് മുന്നേറിയതായും ബാബ് അൽ മന്ദബ് കടലിടുക്കിന് സമീപത്തുനിന്ന് യെമൻ സർക്കാർ അനുകൂല സേനകൾ പിൻവാങ്ങിയതായും റിപ്പോർട്ടുകളുണ്ട്. സൂയസ് കനാൽ വഴി ഏഷ്യയ്ക്കും യൂറോപ്പിനുമിടയിൽ സഞ്ചരിക്കുന്ന വാണിജ്യ കപ്പലുകളുടെ പ്രധാന പാതയായ ബാബ് അൽ മന്ദബ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ആഗോള വ്യാപാരത്തെയും ചരക്കുനീക്ക ചെലവിനെയും സാരമായി ബാധിച്ചേക്കാം.

സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ചൊവ്വാഴ്ച സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാനുമായി ചർച്ച നടത്തി. ബാബ് അൽ മന്ദബ്, ഹോർമുസ് കടലിടുക്കുകൾ വഴിയുള്ള കപ്പൽ ഗതാഗത സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഇരുവരും വിലയിരുത്തി.

അതേസമയം  പ്രാദേശിക സ്ഥിരത തകർക്കാൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹൂതി പ്രസ്ഥാനത്തിനും നാല് പ്രധാന നേതാക്കൾക്കുമെതിരെ ബ്രിട്ടൻ ബുധനാഴ്ച ഉപരോധം പ്രഖ്യാപിച്ചു. ഇവരുടെ സ്വത്തുക്കൾ മരവിപ്പിക്കുകയും നേതാക്കൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ചെങ്കടലിന്റെ ഇരുവശങ്ങളിലുമുള്ള തന്ത്രപ്രധാന കേന്ദ്രങ്ങൾ ആക്രമണഭീഷണിയിലായതോടെ മേഖല കടുത്ത അനിശ്ചിതത്വത്തിലേക്കാണ് നീങ്ങുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.