'തീപാറുന്ന കണ്ണുകള്‍... മൂന്ന് തവണ സാത്താന്റെ ആക്രമണം അനുഭവപ്പെട്ടു'; ദ പ്രൈവറ്റ് ഡയറി ഓഫ് പോപ്പ് ഫ്രാന്‍സിസ്

'തീപാറുന്ന കണ്ണുകള്‍... മൂന്ന് തവണ സാത്താന്റെ ആക്രമണം അനുഭവപ്പെട്ടു'; ദ പ്രൈവറ്റ് ഡയറി ഓഫ് പോപ്പ് ഫ്രാന്‍സിസ്

അധികാരം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പ്രലോഭനങ്ങളുമായി കഠിനമായി പോരാടുകയും, ദോഷം വരുത്താതിരിക്കാന്‍ ദൈവം തന്റെ ജീവന്‍ എടുക്കുന്നതാണ് നല്ലതെന്ന് തോന്നിയ നിലയില്‍ ആത്മീയ പ്രതിസന്ധി അനുഭവിക്കുകയും ചെയ്തതായി പുസ്തകത്തില്‍ പറയുന്നു.

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വ്യക്തിപരമായ അനുഭവങ്ങള്‍ വെളിപ്പെടുത്തുന്ന ഡയറിക്കുറിപ്പുകള്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചു. 1992 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലാണ് മാര്‍പാപ്പ ഈ ഡയറി എഴുതിയത്. അതില്‍ 86 പേജുകള്‍ അര്‍ജന്റീനയിലായിരുന്നപ്പോഴും 55 പേജുകള്‍ മാര്‍പ്പാപ്പ ആയിരിക്കുമ്പോഴുമാണ് കുറിച്ചത്.

മാര്‍പ്പാപ്പയുടെ അടുത്ത അനുയായിയും അര്‍ജന്റീനക്കാരനുമായ കര്‍ദ്ദിനാള്‍ വിക്ടര്‍ മാനുവല്‍ ഫെര്‍ണാണ്ടസ് ആണ് 'ദ പ്രൈവറ്റ് ഡയറി ഓഫ് പോപ്പ് ഫ്രാന്‍സിസ്' എന്ന പുസ്തകത്തിന്റെ രചയിതാവ്.

വിശ്വാസവും ക്ഷമയും സ്വര്‍ഗ രാജ്യത്തിന്റെ വാഗ്ദാനവും പ്രസംഗിച്ച മാര്‍പ്പാപ്പ, തന്റെ ജീവിതത്തില്‍ വലിയ ആത്മീയ പ്രതിസന്ധികളും സാത്താന്റെ ദര്‍ശനങ്ങളും നേരിട്ടിരുന്നതായി ഡയറി വെളിപ്പെടുത്തുന്നു.

അധികാരം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പ്രലോഭനങ്ങളുമായി കഠിനമായി പോരാടുകയും, ദോഷം വരുത്താതിരിക്കാന്‍ ദൈവം തന്റെ ജീവന്‍ എടുക്കുന്നതാണ് നല്ലതെന്ന് തോന്നിയ നിലയില്‍ ആത്മീയ പ്രതിസന്ധി അനുഭവിക്കുകയും ചെയ്തതായി പുസ്തകത്തില്‍ പറയുന്നു.

ബ്യൂണസ് ഐറീസിലെ ആര്‍ച്ച് ബിഷപ്പായിരുന്നപ്പോള്‍ രണ്ടും മാര്‍പ്പാപ്പയായിരിക്കുമ്പോള്‍ ഒന്നും ഉള്‍പ്പെടെ മൂന്ന് തവണ സാത്താന്റെ ആക്രമണം അനുഭവപ്പെട്ടതായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.

തീപാറുന്ന കണ്ണുകളും ഭയപ്പെടുത്തുന്നതും പ്രലോഭിപ്പിക്കുന്നതുമായ സ്വഭാവവുമുള്ള സാത്താനെ അദ്ദേഹം കണ്ടതായി ഡയറി വിവരിക്കുന്നു. 2021 ജനുവരി 24 ലെ കുറിപ്പില്‍, വിജയിച്ച ഭാവത്തോടെ നില്‍ക്കുന്ന സാത്താനെ കണ്ടതായും 'ഇപ്പോള്‍ എനിക്ക് വേണ്ടതെല്ലാം ലഭിച്ചു' എന്ന് സാത്താന്‍ പറയുന്ന ശബ്ദം കേട്ടതായും അദ്ദേഹം കുറിച്ചിരിക്കുന്നു.

അസുഖം ബാധിക്കുകയും രണ്ട് വര്‍ഷത്തോളം വൈകാരികമായ ഇരുണ്ട കാലഘട്ടത്തിലൂടെ കടന്നുപോകേണ്ടി വരികയും ചെയ്ത സംഭവം 'തിന്മയുടെ ശക്തികളുടെ ആക്രമണങ്ങള്‍' മൂലമാണെന്ന് അദ്ദേഹം പറയുന്നു. ഒടുവില്‍ 2024 ല്‍ കന്യാമറിയത്തോടുള്ള പ്രാര്‍ത്ഥനയിലൂടെയാണ് അദ്ദേഹം ആശ്വാസം കണ്ടെത്തിയത്. കൂടാതെ താന്‍ ദൈവത്തോട് സംസാരിച്ച നിമിഷങ്ങളെക്കുറിച്ചും ഡയറിയില്‍ പരാമര്‍ശമുണ്ട്.

ആത്മീയ അനുഭവങ്ങള്‍ക്ക് പുറമേ, വൈദികരുടെ ലൈംഗിക പീഡന ആരോപണങ്ങള്‍ മാര്‍പ്പാപ്പ എങ്ങനെ കൈകാര്യം ചെയ്തുവെന്നതിന്റെ വിശദാംശങ്ങളും ഡയറിയില്‍ അടങ്ങിയിരിക്കുന്നു. വൈദികനായിരുന്നപ്പോള്‍ നടന്ന പീഡനം മറച്ചുവെച്ചതിന് ആരോപണം നേരിട്ട ഒരു ബിഷപ്പിന്റെ കേസ് തള്ളിക്കളഞ്ഞതിന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ കടുത്ത വിമര്‍ശനം നേരിട്ടിരുന്നു. പിന്നീട് ഇതില്‍ മാപ്പ് പറഞ്ഞ മാര്‍പ്പാപ്പ, ബിഷപ്പുമാരെ റോമിലേക്ക് വിളിച്ചു വരുത്തുകയും അവര്‍ ഒന്നടങ്കം രാജി സമര്‍പ്പിച്ചപ്പോള്‍ ഞെട്ടിപ്പോവുകയും ചെയ്തു.

'ചിലിയിലെ സാഹചര്യത്തെക്കുറിച്ചും വിമാനത്തിലെ മാധ്യമ പ്രവര്‍ത്തകരുമായുള്ള സംഭാഷണത്തെക്കുറിച്ചും ഓര്‍ത്ത് ഞാന്‍ തകര്‍ന്നുപോയി. തുടര്‍ന്ന് ഞാന്‍ കട്ടിലില്‍ നിന്ന് വീണു. ചിലിയില്‍ സംഭവിച്ചത് അംഗീകരിക്കാന്‍ എനിക്ക് ബുദ്ധിമുട്ടായിരുന്നു. അത് ഇത്രയും ഗൗരവമുള്ളതാണെന്ന് ഞാന്‍ കരുതിയില്ല'-2018 ലെ ചിലി ലൈംഗിക ചൂഷണ കേസിനെക്കുറിച്ചുള്ള ഒരു ഡയറിക്കുറിപ്പില്‍ പറയുന്നു.

കാരുണ്യം, ലാളിത്യം, ആഗോള കൂട്ടായ്മ എന്നിവയിലേക്ക് സഭയുടെ ശ്രദ്ധ തിരിച്ചുവിട്ട അദ്ദേഹം, അര്‍ജന്റീനയില്‍നിന്നുള്ള ആദ്യത്തെ മാര്‍പ്പാപ്പയും ആദ്യത്തെ ഈശോ സഭാ മാര്‍പ്പാപ്പയും ആയിരത്തിലേറെ വര്‍ഷങ്ങള്‍ക്കുശേഷം യൂറോപ്പിന് പുറത്തു നിന്നുള്ള ആദ്യ മാര്‍പ്പാപ്പയുമായിരുന്നു. 2025 ഏപ്രില്‍ 21 ന് എണ്‍പത്തെട്ടാം വയസിലാണ് അദ്ദേഹം നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ടത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.