'സഭയുടെ സാന്നിധ്യം ഇല്ലാതാകുന്നു'; മധ്യപൂര്‍വേഷ്യയില്‍ ക്രൈസ്തവര്‍ കുടിയിറക്കപ്പെടുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് മാര്‍പാപ്പ

'സഭയുടെ സാന്നിധ്യം ഇല്ലാതാകുന്നു'; മധ്യപൂര്‍വേഷ്യയില്‍ ക്രൈസ്തവര്‍ കുടിയിറക്കപ്പെടുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: മധ്യപൂര്‍വേഷ്യയില്‍ ക്രൈസ്തവര്‍ കുടിയിറക്കപ്പെടുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് മാര്‍പാപ്പ. മധ്യപൂര്‍വ്വദേശത്തുടനീളം പൗരസ്ത്യ ക്രൈസ്തവര്‍ യുദ്ധം, പീഡനം, അസ്ഥിരത, ദാരിദ്ര്യം എന്നിവയുടെ പ്രത്യാഘാതങ്ങള്‍ നേരിടുകയാണ്.

തങ്ങളുടെ പൂര്‍വ്വികര്‍ വസിച്ചിരുന്നതും ക്രൈസ്തവ വിശ്വാസത്തിന്റെ ആദ്യ നൂറ്റാണ്ടുകള്‍ മുതല്‍ തങ്ങളുടെ സഭകള്‍ സുവിശേഷം പ്രഘോഷിച്ചിരുന്നതുമായ നാടുകള്‍ ഉപേക്ഷിക്കാന്‍ അനേകര്‍ നിര്‍ബന്ധിതരായിട്ടുണ്ടെന്നും ലിയോ പതിനാലാമന്‍ പാപ്പ പറഞ്ഞു.

നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1926 ല്‍ പതിനൊന്നാം പീയൂസ് പാപ്പ മധ്യപൂര്‍വേഷ്യ, വടക്കുകിഴക്കന്‍ ആഫ്രിക്ക, കിഴക്കന്‍ യൂറോപ്പ് എന്നിവിടങ്ങളിലെ പൗരസ്ത്യ കത്തോലിക്ക സഭകള്‍ക്കും ജനങ്ങള്‍ക്കും മാനുഷികവും അജപാലനപരവുമായ പിന്തുണ നല്‍കുന്നതിനായി സ്ഥാപിച്ച 'കാത്തലിക് നിയര്‍ ഈസ്റ്റ് വെല്‍ഫെയര്‍ അസോസിയേഷന്‍' അംഗങ്ങളുമായി സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.

ഒരു ക്രൈസ്തവ കുടുംബം തങ്ങളുടെ നാട് വിട്ടുപോകാന്‍ നിര്‍ബന്ധിതരാകുമ്പോള്‍, കേവലം ഒരു വാസ സ്ഥലത്തേക്കാള്‍ വലിയ നഷ്ടമാണ് സംഭവിക്കുന്നതെന്നും അത് ഒരു സമൂഹം ദുര്‍ബലമാകുന്നതിനും ജീവസ്സുറ്റ ഒരു പാരമ്പര്യം അപകടത്തിലാകുന്നതിനും സഭയുടെ സാന്നിധ്യം ഇല്ലാതാകുന്നതിനും കാരണമാകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

പൗരസ്ത്യ ക്രൈസ്തവരെ അവരുടെ ജന്മനാടുകളില്‍ അനുഗമിക്കുക എന്നത് അത്യന്താപേക്ഷിതമായ ഒരു പ്രത്യാശയുടെ പ്രവൃത്തിയാണെന്നും അവരില്‍ പലരും നിരാശയ്ക്ക് കീഴടങ്ങാന്‍ പ്രേരിപ്പിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍ അവര്‍ തനിച്ചല്ലെന്നും ദുരിതവും അനിശ്ചിതത്വവുമല്ല അവസാന വാക്കെന്നു ഓര്‍മ്മിപ്പിക്കാന്‍ അസോസിയേഷന്റെ സാന്നിധ്യം സഹായിക്കുന്നുവെന്നു പാപ്പ എടുത്തു പറഞ്ഞു.

പ്രതിസന്ധികളില്‍ കഴിയുന്നവരോട് ചേര്‍ന്നു നില്‍ക്കുകയും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പ്രാദേശിക സഭകളെ സഹായിക്കുകയും ചെയ്യുന്നതിലൂടെ അനേകം കുടുംബങ്ങള്‍ക്ക് തങ്ങളുടെ സമൂഹങ്ങളില്‍ തന്നെ വേരുറപ്പിച്ചു നില്‍ക്കാന്‍ അസോസിയേഷന്‍ അവസരമൊരുക്കുന്നുവെന്നതും പാപ്പ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ നൂറുവര്‍ഷങ്ങളായി അസോസിയേഷന്‍ നല്‍കി വരുന്ന സേവനങ്ങള്‍ക്കും പൗരസ്ത്യ സഭകള്‍ക്കായുള്ള ഡിക്കസ്റ്ററിക്ക് നല്‍കുന്ന നിരന്തരമായ പിന്തുണയ്ക്കും പാപ്പ അഭിനന്ദനങ്ങളും നന്ദിയും അറിയിച്ചു. ഇറാഖ്, ഇസ്രായേല്‍, ജോര്‍ദാന്‍, പലസ്തീന്‍, ലെബനോന്‍, സിറിയ, ഈജിപ്ത്, എറിത്രിയ, എത്യോപ്യ, ഇന്ത്യ, അര്‍മേനിയ, ജോര്‍ജിയ, ഉക്രെയ്ന്‍ എന്നീ രാജ്യങ്ങളാണ് പ്രധാനമായും ഈ സംഘടനയുടെ സഹായങ്ങള്‍ സ്വീകരിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.