രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പായുന്നത് കടലിനടിയിലൂടെ; പത്തുനില കെട്ടിടത്തോളം ആഴത്തില്‍ ഭൂഗര്‍ഭ സ്റ്റേഷന്‍

രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പായുന്നത് കടലിനടിയിലൂടെ; പത്തുനില കെട്ടിടത്തോളം ആഴത്തില്‍ ഭൂഗര്‍ഭ സ്റ്റേഷന്‍

മുംബൈ: 2027 ല്‍ ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കും. ഗുജറാത്തിലെ സൂറത്തില്‍ നിന്ന് വാപിയിലേക്കായിരിക്കും രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്.

പദ്ധതിയുടെ ഭാഗമായുള്ള മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍ ഇടനാഴിയുടെ നിര്‍മാണം പുരോഗമിക്കുന്നു. കടലിനടിയിലൂടെയുള്ള റെയില്‍ തുരങ്കത്തിന്റെയും ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷന്റെയും നിര്‍മാണമാണ് ഇപ്പോള്‍ നടക്കുന്നത്.

താനെ ക്രീക്കിന് അടിയിലുള്ള പാറകള്‍ തുരന്ന് രാജ്യത്തെ ആദ്യത്തെ കടലിനടിയിലെ റെയില്‍ തുരങ്കം നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഇതിനായി 3,200 ടണ്‍ ഭാരമുള്ള ടണല്‍ ബോറിങ് മെഷീനാണ് ഉപയോഗിക്കുന്നത്.

മുംബൈയിലെ ബാന്ദ്ര-കുര്‍ള കോംപ്ലക്സില്‍ (ബികെസി) പത്തുനില കെട്ടിടത്തിന്റെ ഉയരത്തേക്കാള്‍ കൂടുതല്‍ ആഴത്തിലാണ് ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷന്‍ നിര്‍മിക്കുന്നത്. മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍ ഇടനാഴി തുടങ്ങുന്ന സ്റ്റേഷനായിരിക്കും ഇത്. നഗരത്തിന്റെ പ്രധാന വ്യാപാര മേഖലയ്ക്ക് നടുവില്‍ നിര്‍മിക്കുന്ന ഈ സ്റ്റേഷന്‍ എന്‍ജിനീയറിങ് രംഗത്തെ വലിയ നേട്ടമാണെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.

മൂന്ന് നിലകളിലായാണ് ഭൂഗര്‍ഭ സ്റ്റേഷന്‍ ഒരുക്കുന്നത്. പ്ലാറ്റ്‌ഫോമുകള്‍, കോണ്‍കോഴ്‌സ്, മറ്റ് അവശ്യ സേവനങ്ങള്‍ എന്നിവയ്ക്കായി പ്രത്യേക സൗകര്യങ്ങളുണ്ടാകും. ആറ് പ്ലാറ്റ്‌ഫോമുകളാണ് സ്റ്റേഷനിലുണ്ടാകുക. ഓരോ പ്ലാറ്റ്‌ഫോമിനും 400 മീറ്ററിലധികം നീളമുണ്ടാകും. ബുള്ളറ്റ് ട്രെയിനുകള്‍ക്ക് നിര്‍ത്താന്‍ കഴിയുന്ന രീതിയിലാണ് ഇവയുടെ നിര്‍മാണം.

508 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍ ഇടനാഴിയിലെ മറ്റ് സ്റ്റേഷനുകള്‍ അതത് നഗരങ്ങളുടെ സവിശേഷതകളും സംസ്‌കാരവും സാമ്പത്തിക പ്രാധാന്യവും പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്യുന്നത്. വജ്ര വ്യാപാരത്തിന് പേരുകേട്ട സൂറത്തിലെ സ്റ്റേഷന്റെ മുന്‍ഭാഗം വജ്രത്തിന്റെ മാതൃകയില്‍ ഒരുക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.