തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി ആറുമാസം പിന്നിട്ടപ്പോള്‍ തന്നെ വി.ഡി സതീശന്‍-കെ.സി വേണുഗോപാല്‍ പക്ഷം തിരിഞ്ഞ് തര്‍ക്കം മുറുകി. സര്‍ക്കാര്‍ ആറുമാസം തികയുന്ന ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം അലങ്കോലമാക്കാന്‍ ആസൂത്രിത ശ്രമം നടന്നുവെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശനെ അനുകൂലിക്കുന്ന വിഭാഗത്തിന്റെ പരാതി.
അതേസമയം ന്യായമായ കാര്യം പറഞ്ഞതിന്റെ പേരില്‍ മന്ത്രിമാരായ എ.പി. അനില്‍ കുമാറിനെയും സണ്ണി ജോസഫിനെയും കേന്ദ്രീകരിച്ച് വി.ഡി. പക്ഷം സൈബര്‍ ആക്രമണം നടത്തുകയാണെന്ന് കെ.സി പക്ഷം ആരോപിക്കുന്നു.
വൈദ്യുതി വാങ്ങുന്ന കാര്യത്തില്‍ മന്ത്രി സണ്ണി ജോസഫുമായി ഉണ്ടായ ചെറിയ ആശയക്കുഴപ്പം ഊതിപ്പെരുപ്പിച്ച് പി.എസ്.സി അംഗങ്ങളുടെ നിയമനവുമായി കൂട്ടിക്കുഴച്ച് പ്രശ്നം സൃഷ്ടിച്ചെന്നും ആറുമാസം തികയുന്ന അന്നു തന്നെ വിവാദമുണ്ടാക്കിയത് സര്‍ക്കാരിന്റെ ശോഭ കെടുത്താനുള്ള നീക്കമാണെന്നും വി.ഡി സതീശനെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നു.
രാവിലെ പത്തരയോടെ മന്ത്രിസഭാ യോഗം അവസാനിച്ച് മുഖ്യമന്ത്രി ഡല്‍ഹിക്ക് പുറപ്പെട്ടു. വിമാനത്താവളത്തില്‍ എത്തും മുന്‍പ് മന്ത്രിസഭയിലെ തര്‍ക്കം ചാനലുകളില്‍ വന്നു തുടങ്ങിയെന്നും വി.ഡി പക്ഷെ കുറ്റപ്പെടുത്തി.
ഇതിന് ചുക്കാന്‍ പിടിച്ചത് കെ.സി പക്ഷത്തെ പ്രമുഖ മന്ത്രിയാണ്. ടി.എന്‍ പ്രതാപനെ എ.ഐ.സി.സി ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിവാക്കിയതു പോലും മുഖ്യമന്ത്രിയോടുള്ള അടുപ്പം കൊണ്ടാണ്. മന്ത്രി എ.പി അനില്‍ കുമാറിനെയാണ് വി.ഡി പക്ഷം ലക്ഷ്യമിടുന്നത്.
എന്നാല്‍ മന്ത്രിസഭാ ചര്‍ച്ച ചോര്‍ത്തിയെന്ന പ്രചാരണം വ്യാജമാണെന്നും വിവരം പുറത്തു വിട്ടത് മുഖ്യമന്ത്രിയോട് അടുപ്പം പുലര്‍ത്തുന്ന ചില മന്ത്രിമാരാണെന്നുമാണ് കെ.സി വേണുഗോപാലിനെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത്. യോഗത്തില്‍ ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞതിന്റെ പേരില്‍ എ.പി അനില്‍ കുമാറിനും സണ്ണി ജോസഫിനുമെതിരേ വ്യാജ പ്രൊഫൈലുകളില്‍ നിന്ന് പ്രചാരണം നടക്കുകയാണ്.
തര്‍ക്കമുണ്ടായെന്ന് മുഖ്യമന്ത്രി പത്ര സമ്മേളനത്തില്‍ പറഞ്ഞത് വാര്‍ത്താ ചോര്‍ച്ചയ്ക്ക് അടിവരയിട്ടു. പി.കെ. കുഞ്ഞാലിക്കുട്ടിയുമായി അനില്‍കുമാര്‍ തര്‍ക്കത്തിലേര്‍പ്പെട്ടുവെന്ന പ്രചാരണവും ഗൂഢലക്ഷ്യത്തോടെ ആയിരുന്നു. മുഖ്യമന്ത്രി തര്‍ക്കത്തില്‍ മുന്‍പ് കെ.സി വേണു ഗോപാലിനെതിരേ സൈബര്‍ ആക്രമണമുണ്ടായ കേന്ദ്രങ്ങളില്‍ നിന്നാണ് ഇപ്രാവശ്യവും സൈബര്‍ ആക്രമണമെന്നാണ് കെ.സി പക്ഷ ത്തിന്റെ കുറ്റപ്പെടുത്തല്‍.
പോര് മുറുകുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാനുണ്ടായ തര്‍ക്കത്തില്‍ പാര്‍ട്ടിക്ക് പുറത്തുനിന്ന് സതീശന് അനുകൂലമായി ഹൈക്കമാന്‍ഡില്‍ സമ്മര്‍ദം ചെലുത്തിയവര്‍ വീണ്ടും രംഗത്തു വരുമെന്നാണ് സൂചന. സാംസാരിക, സാമൂഹിക രംഗങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ ഇക്കാര്യം ബോധ്യപ്പെടുത്തി കേന്ദ്ര നേതൃത്വത്തിന് കത്തയക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.