ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ പുതുച്ചേരിയിലെ തട്ടാന്‍ചാവടി മണ്ഡലത്തിലെ ഫലപ്രഖ്യാപനം പുറത്തുവന്നു. ഭരണകക്ഷിയായ ഓള് ഇന്ത്യ എന്‍.ആര് കോണ്‍ഗ്രസിനാണ് വിജയം. 8,432 വോട്ടുകള്‍ക്കാണ് എന്‍ഡിഎയുടെ അശോക് ആനന്ദ് വിജയിച്ചത്.
കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തും ഡിഎംകെ മൂന്നാം സ്ഥാനത്തുമായി. പുതുച്ചേരി മുഖ്യമന്ത്രിയും ഓള് ഇന്ത്യ എന്‍.ആര് കോണ്‍ഗ്രസ് അധ്യക്ഷനുമായ എന്‍. രംഗസാമി, തട്ടാന്‍ചാവടി നിയമസഭാ മണ്ഡലത്തിലെ അംഗത്വം രാജിവച്ചതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്.
തമിഴ്നാട്ടില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന മധുരാന്തകം മണ്ഡലത്തില്‍ ടിവികെ വ്യക്തമായ ലീഡ് നിലനിര്‍ത്തുന്നുണ്ട്. മറ്റൊരു മണ്ഡലമായ ധാരാപുരത്തും ടിവികെ സ്ഥാനാര്‍ത്ഥി ഏറെ മുന്നിലാണ്. രണ്ടിടത്തും ഡിഎംകെയാണ് രണ്ടാം സ്ഥാനത്ത്. അസമിലെ നാഗോണ്‍ ലോക്സഭാ സീറ്റില്‍ ബിജെപി വന്‍ ലീഡോടെ വിജയം ഉറപ്പിച്ചു. എഐയുഡിഎഫ് സ്ഥാനാര്‍ത്ഥി ബദറുദ്ദീന്‍ അജ്മലാണ് രണ്ടാം സ്ഥാനത്ത്. സിറ്റിംഗ് സീറ്റില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താണ്.
പശ്ചിമ ബംഗാളിലെ നന്ദിഗ്രാമില്‍ ബിജെപിയാണ് ലീഡ് ചെയ്യുന്നത്. ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ വെടിയേറ്റ് മരിച്ച, മുഖ്യമന്ത്രിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് ചന്ദ്രനാഥ് റാത്തിന്റെ അമ്മ ഹസിറാണി റാത്ത് ആണ് ഇവിടത്തെ ബിജെപി സ്ഥാനാര്‍ത്ഥി.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മിലാന് പ്രധാന് ആണ് ഇവിടെ രണ്ടാമത്. പശ്ചിമബംഗാളിലെ റെജിനഗര്‍ മണ്ഡലത്തിലും ബിജെപി മുന്നിലാണ്. കോണ്‍ഗ്രസാണ് ഇവിടെ രണ്ടാം സ്ഥാനത്ത്. മമതയുടെ സ്ഥാനാര്‍ത്ഥി നാലാമതാണ്.
രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലാണ് നടക്കുന്നത്.
പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജി നഗര്‍, തമിഴ്നാട്ടിലെ മധുരാന്തകം, ധാരാപുരം, പുതുച്ചേരിയിലെ തട്ടാന്‍ചാവടി എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ നാഗോര്‍ ലോക്സഭാ സീറ്റിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഒക്ടോബര്‍ ആറിനായിരുന്നു തിരഞ്ഞെടുപ്പ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.