തിരുവനന്തപുരം: ബോര്‍ഡ്-കോര്പ്പറേഷന് സ്ഥാനങ്ങള്‍ വിഭജിച്ച് നല്കുന്നതില് പാര്‍ട്ടിയില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്ന ആക്ഷേപത്തെച്ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ പുതിയ ചേരി രൂപപ്പെടുന്നതായി റിപ്പോര്‍ട്ട്.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി നാല് മാസം പിന്നിട്ടിട്ടും ബോര്‍ഡ്-കോര്പ്പറേഷന് വിഭജനങ്ങള്‍ പൂര്‍ത്തിയാകാത്തതിലും സ്ഥാന വിഭജനത്തില്‍ മുഖ്യമന്ത്രി വി.ഡി സതീശന് ഏകപക്ഷീയമായി പെരുമാറുന്നുവെന്ന ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലുമാണ് കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നത്.
പാര്‍ട്ടി നേതൃത്വത്തിനും മുഖ്യമന്ത്രിക്കുമെതിരെ സമീപ ദിവസങ്ങളില്‍ ചില യുവനേതാക്കള്‍ നടത്തുന്ന പരസ്യ പ്രതികരണങ്ങള്‍ സ്വാഭാവികമായി ഉണ്ടാകുന്നതല്ലെന്നാണ് വിലയിരുത്തല്‍. വരും ദിവസങ്ങളിലും ബോര്‍ഡ് -കാര്‍പ്പറേഷന്‍ നിയമനങ്ങളില്‍ കൃത്യമായ ആലോചനകള്‍ നടന്നില്ലെങ്കില്‍ മുതിര്‍ന്ന നേതാക്കള്‍ തന്നെ നേരിട്ട് പരസ്യ പ്രതികരണത്തിന് തയ്യാറെടുക്കുമെന്നാണ് വിവരം.
അതേസമയം മുഖ്യമന്ത്രിക്കെതിരെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം പിക്കെതിരെ മന്ത്രി കെ. മുരളീധരന് രംഗത്തെത്തിയിട്ടുണ്ട്. ഒരാള്‍ നിരന്തരം മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നുണ്ടെങ്കില്‍ പിന്നില്‍ ആരോ ഉണ്ടെന്നാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. സംഭവത്തില്‍ പാര്‍ട്ടിയുടെ ദേശീയ നേതൃത്വം ഇടപെട്ട് കാര്യങ്ങള്‍ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്ന് കെ. സുധാകരനെ പുകച്ചു പുറത്തു ചാടിച്ചതുപോലെ തന്നെയും മാറ്റാന്‍ നീക്കം നടക്കുന്നതായി സംശയം തോന്നുന്നുണ്ടെന്നായിരുന്നു അടൂര്‍ പ്രകാശ് മുന്‍പ് വെളിപ്പെടുത്തിയത്. തന്നെ മോശക്കാരനായി ചിത്രീകരിക്കാനുള്ള ഒരു ശ്രമം സോഷ്യല്‍ മീഡിയയിലടക്കം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
തിരഞ്ഞെടുപ്പില്‍ 102 സീറ്റ് എന്ന ചരിത്രപരമായ നേട്ടം സ്വന്തമാക്കിയ യുഡിഎഫിന് തുടര്‍ച്ചയായി ഉണ്ടാകുന്ന ആഭ്യന്തര പ്രശ്നങ്ങള്‍ വലിയ തലവേദനയായിരിക്കുകയാണ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ പാര്‍ട്ടിയും മുഖ്യമന്ത്രിയും നിരന്തരം വിവാദങ്ങളില്‍പ്പെടുന്ന സാഹചര്യമാണ് ഉള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.