മെൽബൺ സീറോ മലബാർ രൂപതയുടെ പ്രഥമ രൂപതാ അസംബ്ലിക്ക് സാന്തോം ഗ്രോവിൽ തുടക്കമായി

മെൽബൺ സീറോ മലബാർ രൂപതയുടെ പ്രഥമ രൂപതാ അസംബ്ലിക്ക് സാന്തോം ഗ്രോവിൽ തുടക്കമായി

വെസ്ബേൺ (വിക്ടോറിയ): മെൽബൺ സെന്റ് തോമസ് അപ്പസ്തോല സീറോ മലബാർ രൂപതയുടെ പ്രഥമ രൂപതാ അസംബ്ലിക്ക് വെസ്ബേണിലെ സാന്തോം ഗ്രോവിൽ പ്രൗഢഗംഭീരമായ തുടക്കം. ഓസ്‌ട്രേലിയയിലെയും ഓഷ്യാനിയയിലെയും സീറോ മലബാർ വിശ്വാസ സമൂഹത്തിന്റെ അജപാലന ആവശ്യങ്ങൾ ചർച്ച ചെയ്യുന്നതിനായി വൈദികരും സമർപ്പിതരും അൽമായ പ്രതിനിധികളും ഒന്നിച്ചുചേർന്ന ഈ സംഗമം രൂപതയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായി മാറി.

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് പതാക ഉയർത്തിയതോടെയാണ് അസംബ്ലി നടപടികൾക്ക് തുടക്കമായത്. തുടർന്ന് അർപ്പിച്ച സമൂഹബലിയിൽ രൂപതയുടെ പ്രഥമ മെത്രാൻ മാർ ബോസ്‌കോ പുത്തൂർ മുഖ്യകാർമികത്വം വഹിച്ചു. രൂപതാധ്യക്ഷൻ മാർ ജോൺ പനംതോട്ടത്തിൽ സി.എം.ഐ, ഫാ. ഡോ. സിബി പുളിക്കൽ എന്നിവർ സഹകാർമികരായിരുന്നു.

ഉദ്ഘാടന സമ്മേളനത്തിൽ പ്രോട്ടോസിഞ്ചെല്ലൂസ് മോൺ. ഫ്രാൻസിസ് കോലഞ്ചേരി സ്വാഗതമാശംസിച്ചു. സീറോ മലബാർ സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ വീഡിയോ സന്ദേശം ചടങ്ങിൽ പ്രദർശിപ്പിച്ചു. മെത്രാന്മാരും സമർപ്പിത-അൽമായ പ്രതിനിധികളും ചേർന്ന് ഭദ്രദീപം തെളിയിച്ചു. രൂപതാധ്യക്ഷൻ മാർ ജോൺ പനംതോട്ടത്തിൽ അധ്യക്ഷപ്രസംഗം നടത്തി.

‘പരിശുദ്ധാത്മാവിലുള്ള സംഭാഷണം’ (Conversation in the Spirit) എന്ന രീതിയിലാണ് അസംബ്ലിയിലെ ചർച്ചകൾ ക്രമീകരിച്ചിരിക്കുന്നത്. പത്ത് ഗ്രൂപ്പുകളായി തിരിഞ്ഞാണ് പ്രതിനിധികൾ ആറ് പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുന്നത്. തങ്ങളുടെ ഇടവകകളിലെയും സമൂഹങ്ങളിലെയും അനുഭവങ്ങൾ പങ്കുവയ്ക്കാനും മറ്റുള്ളവരുടെ അഭിപ്രായങ്ങൾ പ്രാർത്ഥനാപൂർവം ശ്രവിക്കാനും ഓരോരുത്തർക്കും അവസരമുണ്ട്. ഗ്രൂപ്പ് ചർച്ചകളിൽ ഉയരുന്ന നിർദേശങ്ങൾ പൊതുസമ്മേളനത്തിൽ അവതരിപ്പിക്കും.

അസംബ്ലിയുടെ രണ്ടാം ദിനമായ വെള്ളിയാഴ്ച രാവിലെ 11-ന് പൗരസ്ത്യ കത്തോലിക്കാ സഭകളിലെ പ്രമുഖ മേലധ്യക്ഷന്മാർ പ്രതിനിധികളുമായി സംവദിക്കും. കർദിനാൾ മൈക്കോള ബൈചോക്ക്, ബിഷപ്പ് റോബർട്ട് റബ്ബാത്ത്, ബിഷപ്പ് അന്റോയ്ൻ-ചാർബൽ താരാബേ ഒ.എൽ.എം. എന്നിവരാണ് സംവാദത്തിൽ പങ്കെടുക്കുന്നത്. മോൺ. ഫ്രാൻസിസ് കോലഞ്ചേരി നയിക്കുന്ന ഈ സെഷനിൽ മേലധ്യക്ഷന്മാരോട് നേരിട്ട് ചോദ്യങ്ങൾ ചോദിക്കാനും പ്രതിനിധികൾക്ക് അവസരമുണ്ടാകും.

അവസാന ദിനമായ നവംബർ 21 ശനിയാഴ്ച സമാപന ചർച്ചകളും ഗ്രൂപ്പ് റിപ്പോർട്ടുകളുടെ അവതരണവും നടക്കും. തുടർന്ന് മാർ ജോൺ പനംതോട്ടത്തിൽ സമാപന സന്ദേശം നൽകും. രാവിലെ 10.45ന് അദേഹത്തിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കുന്ന സമാപന വിശുദ്ധ കുർബാനയോടെ പ്രഥമ രൂപതാ അസംബ്ലിക്ക് തിരശീല വീഴും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.