ക്വാലാലംപൂര്‍: മുസ്ലീം ഭൂരിപക്ഷ രാജ്യമായ മലേഷ്യയില്‍ കത്തോലിക്കാ സഭ നടത്തി വരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നു. ക്വാലാലംപൂര്‍ അതിരൂപതയ്ക്ക് കീഴിലുള്ള മനുഷ്യ വികസന കാര്യാലയമാണ് ജാതിമത ഭേദമന്യേ സ്ത്രീകള്‍, തടവുകാര്‍, കുടിയേറ്റക്കാര്‍, ഭിന്നശേഷിക്കാരായ കുട്ടികള്‍ എന്നിവര്‍ക്കായി പത്ത് വ്യത്യസ്ത ക്ഷേമ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്നത്.
അതിരൂപതയുടെ നേതൃത്വത്തില്‍ 1992 ല്‍ ആരംഭിച്ച ഈ പ്രസ്ഥാനം ഏതെങ്കിലും മതപ്രചാരണത്തിന് പകരം സമൂഹത്തിലെ ഏറ്റവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് സ്‌നേഹവും കരുതലും നല്‍കാനാണ് മുന്‍ഗണന നല്‍കുന്നത്.
കോവിഡ് കാലത്ത് ഭര്‍ത്താവിന് ജോലി നഷ്ടപ്പെട്ടതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ നൂര്‍സൈനി ലുത്ഫി എന്ന മുസ്ലീം വീട്ടമ്മയുടെ ജീവിതം മാറ്റി മറിച്ചത് സഭയുടെ ഈ പിന്തുണയാണ്.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുനരുപയോഗിച്ച് ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഇവരുടെ ചെറുകിട സംരംഭത്തിന് സഭാ നേതൃത്വം വലിയ പ്രോത്സാഹനം നല്‍കി. ഇന്ന് ഈ സംരംഭത്തിലൂടെ മറ്റ് സ്ത്രീകള്‍ക്ക് തയ്യല്‍ പരിശീലനം നല്‍കാനും സമൂഹത്തിലെ പലര്‍ക്കും ഉപജീവനമാര്‍ഗം കണ്ടെത്താനും നൂര്‍സൈനിക്ക് സാധിക്കുന്നുണ്ട്.
ഇതിനുപുറമെ 2001 ല്‍ ആരംഭിച്ച പ്രത്യേക പഠന കേന്ദ്രത്തില്‍ എല്ലാ മത വിഭാഗങ്ങളിലുംപെട്ട നിര്‍ധനരായ ഭിന്നശേഷി കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവും നല്‍കുന്നു.
സഭ നടത്തുന്ന സമൂഹ അടുക്കളകളിലും മറ്റും മുസ്ലീം, ഹിന്ദു, ബുദ്ധ, ക്രൈസ്തവ വിഭാഗക്കാര്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും പെരുന്നാളും ദീപാവലിയും ചൈനീസ് പുതുവത്സരവുമെല്ലാം ഒരുമിച്ച് ആഘോഷിക്കുകയും ചെയ്യുന്നു. പരസ്പര വിശ്വാസത്തോടെയും സ്‌നേഹത്തോടെയും ഒരു കുടുംബം പോലെ ജീവിക്കാന്‍ ഈ കൂട്ടായ്മ ജനങ്ങളെ പ്രേരിപ്പിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.