സാവര്യ ബസന്തിനെ ഉസ്‌ബെക്കിസ്ഥാനില്‍ കൊലപ്പെടുത്തിയ കേസില്‍ പെരിന്തല്‍മണ്ണ സ്വദേശി സദറുള്‍ അനമിന് എട്ടര വര്‍ഷം തടവ്

സാവര്യ ബസന്തിനെ ഉസ്‌ബെക്കിസ്ഥാനില്‍ കൊലപ്പെടുത്തിയ കേസില്‍ പെരിന്തല്‍മണ്ണ സ്വദേശി സദറുള്‍ അനമിന് എട്ടര വര്‍ഷം തടവ്

ആലപ്പുഴ: ഉസ്‌ബെക്കിസ്ഥാനില്‍ എംബിബിഎസിന് പഠിക്കുകയായിരുന്ന ഹരിപ്പാട് സ്വദേശിനി സാവര്യ ബസന്തിനെ ലാപ്‌ടോപ് കൊണ്ട് തലയ്ക്കടിച്ചും മര്‍ദിച്ചും കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി സദറുള്‍ അനമിന് ഉസ്‌ബെക്കിസ്ഥാന്‍ കോടതി എട്ടര വര്‍ഷം തടവ് ശിക്ഷ വിധിച്ചു.

നാട്ടിലേക്ക് മടങ്ങാന്‍ വിമാനടിക്കറ്റ് എടുത്തു കാത്തിരുന്ന ഇരുപത്തിരണ്ടുകാരിയെ രണ്ട് ദിവസം മുറിയില്‍ പൂട്ടിയിട്ട് അതിക്രൂരമായി മര്‍ദിച്ചും ലാപ്‌ടോപ്പ് കൊണ്ട് തലയ്ക്കടിച്ചുമാണ് പ്രതി കൊലപ്പെടുത്തിയത്. നാല് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി കോടതി വിധി പ്രസ്താവിക്കുമ്പോള്‍ സാവര്യയുടെ കുടുംബത്തിന് നീതിയുടെ ആശ്വാസമാകുന്നു.

ഉസ്ബെക്കിസ്ഥാനില്‍ മെഡിക്കല്‍ പഠനം നടത്തി വരികയായിരുന്ന സാവര്യ അതിക്രൂരമായാണ് കൊല്ലപ്പെട്ടത്. 2025 ഡിസംബറിലാണ് സാവര്യ ഉപരിപഠനത്തിനായി ഉസ്ബെക്കിസ്ഥാനിലെത്തിയത്.

സാവരിയയും അനാമും തമ്മില്‍ സംസാരിച്ചു നില്‍ക്കുന്നതിനിടെ പെട്ടെന്നുണ്ടായ പ്രകോപനത്തെ തുടര്‍ന്ന് പ്രതി ലാപ്‌ടോപ്പ് കൊണ്ട് സാവരിയയുടെ തലയ്ക്കടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക ഘട്ടത്തില്‍ പറഞ്ഞത്. എന്നാല്‍ അതിക്രൂരമായ മര്‍ദനത്തിനിരയായാണ് സാവര്യ കൊല്ലപ്പെട്ടതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

സംഭവമറിഞ്ഞ് ഉസ്‌ബെക്കിസ്ഥാനിലെത്തുമ്പോള്‍ സാവര്യയുടെ ശരീരത്തിലാകെ മര്‍ദനമേറ്റ പാടുണ്ടായിരുന്നെന്ന് ബന്ധു ജനീഷ് പറഞ്ഞു. സാവര്യയുടെ അമ്മ മിനിയുടെ സഹോദരീ ഭര്‍ത്താവാണ് ജനീഷ്.

സാവര്യ അപകടത്തില്‍പ്പെട്ടെന്നാണ് കുടുംബത്തെ ആദ്യം വിളിച്ച് അറിയിച്ചത്. തലയ്ക്ക് പരിക്കേറ്റെന്നും ഓപ്പറേഷന്‍ തിയേറ്ററിലാണെന്നുമാണ് പറഞ്ഞത്. ഇതറിഞ്ഞ് ഉടന്‍ തന്നെ ദുബായില്‍നിന്നു സാവര്യയുടെ ബന്ധു പുറപ്പെട്ടു. അപ്പോഴേക്കും സാവര്യ മരിച്ചെന്ന വിവരവും ലഭിക്കുകയായിരുന്നു.

മൃതദേഹം നാട്ടില്‍ എത്തിച്ച ശേഷം വണ്ടാനം മെഡിക്കല്‍ കോളജില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോള്‍ പെണ്‍കുട്ടി അതിക്രൂരമായ മര്‍ദനത്തിനിരയായിരുന്നുവെന്ന് കണ്ടെത്തി.

കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുന്‍പു മുതല്‍ സാവര്യയെ തടവിലാക്കി പ്രതി ക്രൂരമായി ആക്രമിച്ചെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. ഇതു ശരിവെക്കുന്ന വിധത്തില്‍ സാവര്യയുടെ ശരീരത്താകെ പാടുകള്‍ കാണപ്പെട്ടതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.

ജൂലൈ നാലിനാണ് സാവര്യ കൊല്ലപ്പെട്ടത്. നാലുമാസം കഴിഞ്ഞപ്പോഴേക്കും കേസില്‍ വിധിയുണ്ടായി. വിചാരണയുടെ വിവരങ്ങളറിയാന്‍ സാവര്യയുടെ പിതാവ് ബസന്ത് ഒക്ടോബര്‍ 23 ന് ഉസ്‌ബെക്കിസ്ഥാനില്‍ പോയിരുന്നു. അവിടെ കോടതിയില്‍ മൊഴി നല്‍കുകയും ചെയ്തു. പ്രതിക്കു പരമാവധി ശിക്ഷ നല്‍കാന്‍ അപേക്ഷിക്കുകയും ചെയ്തു. കോടതി മുറിയില്‍ സദറുള്‍ അനമിനെ കണ്ടതായി ബസന്ത് പറഞ്ഞു.

വീഴ്ചയില്‍ പരിക്കേറ്റ സാവര്യയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നെന്ന വാദമാണ് പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചത്. എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴികളും പ്രതിക്ക് ശിക്ഷ ലഭിക്കാന്‍ പര്യാപ്തമായെന്നാണായിരുന്നു വിലയിരുത്തല്‍. ഉസ്‌ബെക്കിസ്ഥാനില്‍ കൊലപാതകത്തിന് പരമാവധി 10 വര്‍ഷമാണു ശിക്ഷ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.