ക്രൈസ്തവ ദേവാലയത്തിലെ കൂട്ടക്കൊല: സംഭവം നടന്ന് 23 ദിവസത്തിനകം പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച് ജോര്‍ദാന്‍ കോടതി

ക്രൈസ്തവ ദേവാലയത്തിലെ കൂട്ടക്കൊല: സംഭവം നടന്ന് 23 ദിവസത്തിനകം പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച് ജോര്‍ദാന്‍  കോടതി

കരാക്ക്: ജോര്‍ദാനിലെ ക്രൈസ്തവ ദേവാലയത്തിന് നേരെ സായുധ ആക്രമണം നടത്തി എട്ട് പേരെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ക്ക് ജോര്‍ദാനിലെ സ്റ്റേറ്റ് സെക്യൂരിറ്റി കോടതി വധശിക്ഷ വിധിച്ചു.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 23 നാണ് തെക്കന്‍ ജോര്‍ദാനിലെ കരാക്ക് ഗവര്‍ണറേറ്റിലുള്ള ഹമ്മൂദ് പട്ടണത്തിലെ സെന്റ് ജോര്‍ജ് ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മൃതസംസ്‌കാര ശുശ്രൂഷകള്‍ നടന്നുകൊണ്ടിരിക്കേ സായുധ സംഘം നടത്തിയ വെടിവെപ്പില്‍ എട്ട് ക്രൈസ്തവര്‍ക്ക് ജീവന്‍ നഷ്ട്ടമായത്.

ക്രൈസ്തവരെ സംബന്ധിച്ചു പൊതുവേ സമാധാനപരമായ അന്തരീക്ഷം നിലനില്‍ക്കുന്ന ജോര്‍ദാനില്‍ നടന്ന ഈ ആക്രമണം ഏറെ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു.

ആക്രമണത്തിന് പിന്നാലെ ജോര്‍ദാനിലെ ഭരണാധികാരിയായ അബ്ദുല്ല രണ്ടാമന്‍ രാജാവ് പരിക്കേറ്റവരെ ആശുപത്രിയില്‍ നേരിട്ടെത്തി സന്ദര്‍ശിക്കുകയും നീതി ഉറപ്പാക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. സംഭവം നടന്ന് ഒരു മാസത്തിനുള്ളില്‍ തന്നെ കോടതി ശിക്ഷാ വിധി നടത്തിയെന്നത് ശ്രദ്ധേയമാണ്.

ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തി, ആയുധങ്ങളും വെടിക്കോപ്പുകളും ഉപയോഗിച്ചു, സായുധ ആക്രമണങ്ങള്‍ നടത്താന്‍ ഗൂഢാലോചന നടത്തി, ഭീകര സംഘടനയുടെ ആശയങ്ങള്‍ പ്രചരിപ്പിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കോടതി പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.