'സഹനങ്ങളില്‍ ക്രിസ്തുവിലേക്ക് തിരിയുക; യേശുവിനോട് സത്യസന്ധമായി സംസാരിക്കാന്‍ ഭയപ്പെടരുത്': പെറുവിലെ യുവജനങ്ങളോട് മാര്‍പാപ്പ

'സഹനങ്ങളില്‍ ക്രിസ്തുവിലേക്ക് തിരിയുക; യേശുവിനോട് സത്യസന്ധമായി സംസാരിക്കാന്‍ ഭയപ്പെടരുത്': പെറുവിലെ  യുവജനങ്ങളോട് മാര്‍പാപ്പ

നമ്മുടെ ആഴത്തിലുള്ള ആഗ്രഹങ്ങള്‍ നമ്മേക്കാള്‍ നന്നായി ദൈവത്തിനറിയാമെന്നും ലിയോ പതിനാലാമന്‍ മാര്‍പാപ്പ

ലിമ: പാപത്തിന്റെ കെണികളെക്കുറിച്ച് പെറുവിലെ യുവജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ലിയോ പതിനാലാമന്‍ മാര്‍പാപ്പ.

ലാറ്റിന്‍ അമേരിക്കന്‍ അപ്പസ്‌തോലിക സന്ദര്‍ശനത്തിന്റെ ഭാഗമായി പെറുവിലെത്തിയ മാര്‍പാപ്പ തലസ്ഥാന നഗരമായ ലിമയിലെ നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന പ്രാര്‍ഥനാ സംഗമത്തിനെത്തിയ യുവജനങ്ങളോട് സംസാരിക്കുകയായിരുന്നു.

സ്റ്റേഡിയത്തിനുള്ളില്‍ ഏകദേശം 60,000 ത്തോളം സര്‍വകലാശാല വിദ്യാര്‍ഥികളും യുവജനങ്ങളും പുറത്ത് മൂന്ന് ലക്ഷത്തോളം വിശ്വാസികളും മാര്‍പാപ്പയുടെ വാക്കുകള്‍ കേള്‍ക്കാന്‍ എത്തിയിരുന്നു.

ദൈവേഷ്ടം പിന്തുടരുന്നത് നമ്മുടെ സ്വപ്നങ്ങള്‍ ഉപേക്ഷിക്കുന്നതിനു തുല്യമാണോ എന്ന് ചിലപ്പോള്‍ നാം സംശയിച്ചേക്കാം. ജീവിതം പൂര്‍ണമായി ആസ്വദിക്കാന്‍ പാപവും അനുഭവിക്കേണ്ടതുണ്ടെന്ന അപകടകരമായ ചിന്തയിലേക്ക് ഇത് നമ്മെ നയിച്ചേക്കാം.

എന്നാല്‍ 'തിന്മ എപ്പോഴും വിഷലിപ്തമാണ്' എന്ന ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ വാക്കുകള്‍ ഹൃദയത്തില്‍ കുറിച്ചിടണമെന്ന് ലിയോ പാപ്പ ഓര്‍മ്മിപ്പിച്ചു. നമ്മെ ഉപദ്രവിക്കുന്ന ഒന്നിന് എങ്ങനെയാണ് നമ്മെ സന്തോഷിപ്പിക്കാന്‍ കഴിയുക എന്ന് ചോദിച്ച മാര്‍പാപ്പ, നമ്മുടെ ആഴത്തിലുള്ള ആഗ്രഹങ്ങള്‍ നമ്മളേക്കാള്‍ നന്നായി ദൈവത്തിനറിയാമെന്നും വ്യക്തമാക്കി.

അതിനാല്‍ ജീവിതത്തിലെ സഹനങ്ങളില്‍ ക്രിസ്തുവിലേക്ക് തിരിയാനും അവനെ അനുഗമിക്കാന്‍ ധൈര്യപ്പെടാനും മാര്‍പാപ്പ യുവാക്കളെ ആഹ്വാനം ചെയ്തു. ക്രിസ്തു കുരിശിനെയല്ല, നമ്മുടെ രക്ഷയെയാണ് ആഗ്രഹിച്ചത്. നമ്മോടുള്ള സ്‌നേഹത്തെപ്രതി അവന്‍ കുരിശ് സ്വീകരിക്കുകയും അവസാനം വരെ അത് വഹിക്കുകയും ചെയ്തു.

അങ്ങനെ തന്റെ ആത്മ ദാനത്തിലൂടെ മരണത്തിന്റെ ഉപകരണമായ കുരിശ്, മരണത്തെ കീഴടക്കാന്‍ കഴിവുള്ള അവന്റെ തീക്ഷ്ണമായ സ്‌നേഹം വെളിപ്പെടുത്തുന്ന ഇടമായി മാറിയെന്നും മാര്‍പാപ്പ പറഞ്ഞു.

പ്രാര്‍ഥിക്കാന്‍ വാക്കുകള്‍ കിട്ടാതെ വിഷമിക്കുന്ന സന്ദര്‍ഭങ്ങളില്‍ പോലും യേശുവിനോട് സത്യസന്ധമായി സംസാരിക്കാന്‍ ഭയപ്പെടരുതെന്ന് പാപ്പ യുവജനങ്ങളോട് പറഞ്ഞു. നമ്മുടെ കണ്ണുനീരും നമുക്ക് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ലാത്ത ചോദ്യങ്ങളും അവനറിയാം. നിങ്ങളെ സ്‌നേഹിക്കുന്നവരുടെ സാമീപ്യം തേടുക. ചില ദുഖങ്ങള്‍ക്ക് സമയവും സഹായ ഹസ്തവും ആവശ്യമാണെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.