നെതന്യാഹുവിന്റെ നയങ്ങള്‍ തിരുത്താന്‍ ഐസന്‍കോട്ട്: ഒക്ടോബര്‍ ഏഴ് ആക്രമണത്തില്‍ ഔദ്യോഗിക അന്വേഷണം; കോടതികളുടെ സ്വതന്ത്രാധികാരം പുനസ്ഥാപിക്കും

നെതന്യാഹുവിന്റെ നയങ്ങള്‍ തിരുത്താന്‍ ഐസന്‍കോട്ട്: ഒക്ടോബര്‍ ഏഴ് ആക്രമണത്തില്‍ ഔദ്യോഗിക അന്വേഷണം; കോടതികളുടെ സ്വതന്ത്രാധികാരം പുനസ്ഥാപിക്കും

ടെല്‍ അവീവ്: നെതന്യാഹു സര്‍ക്കാരിന്റെ വിവാദ നയങ്ങള്‍ തിരുത്തുമെന്ന് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ നിയോഗിക്കപ്പെട്ട മുന്‍ സൈനിക മേധാവിയും യാഷര്‍ പാര്‍ട്ടി അധ്യക്ഷനുമായ ഗാദി ഐസന്‍കോട്ട് പ്രഖ്യാപിച്ചു.

പുതിയ നെസറ്റില്‍ നെതന്യാഹു വിരുദ്ധര്‍ക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ടെങ്കിലും ഐസന്‍കോട്ടിന് സഖ്യസര്‍ക്കാരുണ്ടാക്കാനാകുമോ എന്നത് വ്യക്തമല്ല. 19 സീറ്റുള്ള അറബ് പാര്‍ട്ടികളെ ചേര്‍ത്ത് സര്‍ക്കാരുണ്ടാക്കുന്നതില്‍ പ്രതിപക്ഷത്തെ ജൂത പാര്‍ട്ടികളുടെ എതിര്‍പ്പ് തുടരുകയാണ്.

സര്‍ക്കാരുണ്ടാക്കാന്‍ ആറാഴ്ച സമയമാണുള്ളത്. അതിന് മുന്‍പു തന്നെ പാര്‍ലമെന്റിന്റെ നിയന്ത്രണം ഉറപ്പാക്കാനാണ് ഐസന്‍കോട്ട് സഖ്യത്തിന്റെ ശ്രമം. ഇതിന് മുന്നോടിയായി നെതന്യാഹുവിന്റെ പിന്തുണയുള്ള പാര്‍ലമെന്റ് സ്പീക്കര്‍ അമീര്‍ ഒഹാനയെ മാറ്റാനുള്ള നടപടികള്‍ക്ക് അവര്‍ തുടക്കമിട്ടു.

പകരം യാഷര്‍ നേതാവ് മതന്‍ കഹാനയെ നിര്‍ദേശിച്ചു. നെതന്യാഹു കാവല്‍ പ്രധാനമന്ത്രിയായി തുടരുന്നുണ്ടെങ്കിലും പുതിയതായി അധികാരമേറ്റ പാര്‍ലമെന്റിന് നിയമ നിര്‍മാണ നടപടികള്‍ ആരംഭിക്കാം. ഐസന്‍കോട്ടിന് സര്‍ക്കാരുണ്ടാക്കാനായില്ലെങ്കില്‍ നെതന്യാഹുവിന് പ്രസിഡന്റ് ഐസക് ഹെര്‍സോഗ് വീണ്ടും അവസരം നല്‍കിയേക്കും.

2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിലേക്ക് നയിച്ച സുരക്ഷാ വീഴ്ചകളും നെതന്യാഹു സര്‍ക്കാരിന്റെ ഉത്തരവാദിത്വവും പരിശോധിക്കാന്‍ അന്വേഷണ കമ്മിഷനെ വയ്ക്കുമെന്ന് ഐസന്‍കോട്ട് വ്യക്തമാക്കി.

ദീര്‍ഘകാല അധികാര കേന്ദ്രീകരണം ഒഴിവാക്കുന്നതിനായി ഒരാള്‍ക്ക് പ്രധാനമന്ത്രി പദത്തില്‍ തുടരാവുന്ന കാലാവധിക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ നിയമ നിര്‍മാണം നടത്താനും നീക്കമുണ്ട്.

ജുഡീഷ്യറിയുടെ അധികാരങ്ങള്‍ പരിമിതപ്പെടുത്താന്‍ നെതന്യാഹു സര്‍ക്കാര്‍ കൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍ പിന്‍വലിച്ച് കോടതികളുടെ സ്വതന്ത്രാധികാരം പുനസ്ഥാപിക്കും.

ഒരു പ്രത്യേക രാഷ്ട്രീയ വിഭാഗത്തിനു വേണ്ടിയല്ല, വോട്ടു ചെയ്തവരെയും ചെയ്യാത്തവരെയും ഉള്‍ക്കൊള്ളുന്ന സര്‍ക്കാര്‍ രൂപവത്കരിക്കും. അറബ് പാര്‍ട്ടികളുടെ പിന്തുണയും ചില നിബന്ധനകള്‍ക്ക് വിധേയമായി പരിഗണിക്കാമെന്നാണ് ഐസന്‍കോട്ടിന്റെ നിലപാട്.

അതേസമയം ഇറാന്റെ ഭീഷണി നേരിടാന്‍ ജൂത പാര്‍ട്ടികള്‍ ഒന്നിച്ചുള്ള ഐക്യ സര്‍ക്കാരാണ് വേണ്ടതെന്ന് നെതന്യാഹു പറഞ്ഞു. അറബ് പാര്‍ട്ടികളെ വിശ്വസിക്കാനാകില്ലെന്നും ജൂത രാഷ്ട്രത്തിന്റെ നിലനില്‍പ്പിനെ എതിര്‍ക്കുന്നവരുടെ പിന്തുണയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാല്‍ അദ്ദേഹത്തിന്റെ പ്രസംഗത്തെ വിദ്വേഷവും ഭിന്നിപ്പും വളര്‍ത്തുന്നതെന്ന് വിശേഷിപ്പിച്ച ഐസന്‍കോട്ട്, നെതന്യാഹു ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ യോഗ്യനല്ലെന്ന നിലപാടെടുത്തു. പിന്നാലെ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിയുമായി ബുധനാഴ്ച നടത്താനിരുന്ന കൂടിക്കാഴ്ചയും ഐസന്‍കോട്ട് റദ്ദാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.