കാശ്മീരില്‍ പട്രോളിങിനിടെ കാണാതായ പൊലീസ് ഉദ്യോഗസ്ഥര്‍ വെടിയേറ്റ് മരിച്ച നിലയില്‍; ഭീകരാക്രമണമെന്ന് സംശയം: അതീവ ജാഗ്രതാ നിര്‍ദേശം

കാശ്മീരില്‍ പട്രോളിങിനിടെ കാണാതായ പൊലീസ് ഉദ്യോഗസ്ഥര്‍ വെടിയേറ്റ് മരിച്ച നിലയില്‍; ഭീകരാക്രമണമെന്ന് സംശയം: അതീവ ജാഗ്രതാ നിര്‍ദേശം

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ കിഷ്ത്വാറില്‍ പട്രോളിങിനിടെ കാണാതായ രണ്ട് സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ദച്ചാന്‍ സ്വദേശികളായ രശ്പാല്‍ കുമാര്‍ (40), ബാബി ചന്ദ് (54) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. ഇവരുടെ സര്‍വീസ് ആയുധങ്ങള്‍ കാണാതായിട്ടുണ്ട്.

കിയാര്‍ ഗ്രാമത്തിലെ പ്രാദേശിക പൊലീസിന്റെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. ഇന്ദര്‍വാളിലെ ബസ്നാന്‍ മേഖലയിലുള്ള 17 രാഷ്ട്രീയ റൈഫിള്‍സിന്റെ താല്‍ക്കാലിക ക്യാമ്പിലേക്ക് പോകുന്നതിനിടെ ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് ഇരുവരെയും കാണാതാകുന്നത്. പൊലീസും സെന്‍ട്രല്‍ റിസര്‍വ് പൊലീസ് സേനയും (സിആര്‍പിഎഫ്) സംയുക്തമായി തിരച്ചില്‍ നടത്തിയെങ്കിലും രാത്രിയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

ഇന്നു രാവിലെ എട്ട് മണിയോടെയാണ് ഒരു മൃതദേഹം കണ്ടെത്തിയത്. ഒരു മണിക്കൂറിന് ശേഷം രണ്ടാമത്തെ മൃതദേഹവും കണ്ടെത്തി. സംഭവത്തിന് പിന്നില്‍ ഭീകരര്‍ ആകാമെന്ന സംശയമുണ്ടെന്ന് സൈനിക ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

കിയാറിനും ഡെറാനയ്ക്കും ഇടയിലുള്ള പ്രദേശത്ത് വെടിയൊച്ചകള്‍ കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ വധത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.