റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തില്‍ ഇതുവരെ 120 വൈദികര്‍ കൊല്ലപ്പെട്ടു; എണ്ണൂറോളം ആരാധനാലയങ്ങള്‍ക്ക് കേടുപാട്

റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തില്‍ ഇതുവരെ 120 വൈദികര്‍ കൊല്ലപ്പെട്ടു; എണ്ണൂറോളം ആരാധനാലയങ്ങള്‍ക്ക് കേടുപാട്

വെടി നിര്‍ത്തലിന് ഇന്ത്യയുടെ സഹായം തേടി സെലന്‍സ്‌കി; മോഡിയുമായി ഫോണില്‍ സംസാരിച്ചു

കീവ്: റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തിനിടെ കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ 120 വൈദികര്‍ കൊല്ലപ്പെട്ടുവെന്നും ആക്രമണത്തില്‍ എണ്ണൂറോളം ആരാധനാലയങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചുവെന്നും ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി.

2022 ല്‍ യുദ്ധം ആരംഭിച്ചത് മുതല്‍ റഷ്യന്‍ അധിനിവേശത്തിലുള്ള ഉക്രെയ്‌നിലെ പ്രദേശങ്ങളില്‍ ക്രൈസ്തവരുടെ ആരാധനകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെയും ആളുകളെ തടങ്കലില്‍ പാര്‍പ്പിച്ച് പീഡിപ്പിക്കുന്നതിന്റെയും തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് സെലന്‍സ്‌കിയുടെ ഈ പ്രസ്താവന.

തകര്‍ന്ന ആരാധനാലയങ്ങളില്‍ ചിലതിന് ഏകദേശം ആയിരം വര്‍ഷത്തോളം പഴക്കമുണ്ടെന്നും ഡ്രോണുകളും ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ചാണ് അവ ആക്രമിക്കപ്പെട്ടതെന്നും ഉക്രെയ്ന്‍ പ്രസിഡന്റ് പറഞ്ഞു.

സാധാരണ അറ്റകുറ്റപ്പണികളിലൂടെ പരിഹരിക്കാനാവാത്ത നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും രാജ്യത്തിന്റെ മതപരവും ചരിത്രപരവും സാംസ്‌കാരികവുമായ പൈതൃകത്തിന് ഇത് വരുത്തുന്ന പ്രത്യാഘാതങ്ങള്‍ വലുതാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാര്‍ച്ചില്‍ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ പടിഞ്ഞാറന്‍ ഉക്രെയ്ന്‍ നഗരമായ ലിവിവില്‍ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ ബെര്‍ണാര്‍ഡിന്‍ ആശ്രമ സമുച്ചയവും സെന്റ് മേരി മഗ്ദലന പള്ളിയും റഷ്യയുടെ വ്യോമാക്രമണത്തില്‍ തകര്‍ന്നിരുന്നു.

വിശുദ്ധ വാരത്തിലേക്ക് പ്രവേശിക്കുവാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയായിരുന്നു ആക്രമണം. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ റഷ്യയുടെ മിസൈല്‍ ആക്രമണത്തില്‍ ഉക്രെയ്‌നിലെ ഖാര്‍കിവിലുള്ള ഗ്രീക്ക് കത്തോലിക്ക സഭയുടെ കത്തീഡ്രല്‍ ദേവാലയത്തിനും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു.

അതിനിടെ യുദ്ധം അവസാനിപ്പിക്കാനുള്ള വെടിനിര്‍ത്തല്‍ നീക്കങ്ങളില്‍ ഇന്ത്യയുടെ സഹായം സെലന്‍സ്‌കി അഭ്യര്‍ത്ഥിച്ചു. അബുദാബിയില്‍ റഷ്യ, ഉക്രെയ്ന്‍, അമേരിക്ക എന്നീ രാജ്യങ്ങള്‍ പങ്കെടുക്കുന്ന ത്രികക്ഷി സമാധാന ചര്‍ച്ചകള്‍ക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി അദേഹം ഫോണില്‍ സംസാരിച്ചു.

യുദ്ധവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവ വികാസങ്ങള്‍ സെലന്‍സ്‌കി മോഡിയെ അറിയിച്ചു. സമാധാനപരമായ പരിഹാരത്തിനായി സാധ്യമായ എല്ലാ രീതിയിലും പ്രവര്‍ത്തിക്കുമെന്ന് മോഡി സെലന്‍സ്‌കിയോട് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.