ഈജിപ്തിൽ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച യുവാവ് വധശിക്ഷാ ഭീഷണിയിൽ; പീഡനങ്ങൾ ഏൽക്കേണ്ടിവന്നത് വിശ്വാസത്തിൽ ഉറച്ചുനിന്നതിന്

ഈജിപ്തിൽ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച യുവാവ് വധശിക്ഷാ ഭീഷണിയിൽ; പീഡനങ്ങൾ ഏൽക്കേണ്ടിവന്നത് വിശ്വാസത്തിൽ ഉറച്ചുനിന്നതിന്

കെയ്‌റോ: ഇസ്‌ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ ഈജിപ്തിൽ അറസ്റ്റിലായ സെയ്ദ് മൻസൂർ റിസ്‌ക് അബ്ദുൽറസാഖ് എന്ന യുവാവ് കടുത്ത വധശിക്ഷാ ഭീഷണി നേരിടുന്നു. അദേഹത്തിന് പരമാവധി ശിക്ഷയായ വധശിക്ഷയോ 25 വർഷത്തെ കഠിനതടവോ നൽകണമെന്ന് പ്രോസിക്യൂട്ടർമാർ കോടതിയിൽ ആവശ്യപ്പെട്ടതായി അഭിഭാഷകൻ സെയ്ദ് ഫായിസ് വെളിപ്പെടുത്തി. 2025 ജൂലൈ മുതൽ 'ടെൻത് ഓഫ് റമദാൻ' ജയിലിലാണ് ഈ യുവവിശ്വാസി കഴിയുന്നത്.

ഇസ്‌ലാം മതത്തെ നിന്ദിച്ചു, പൊതു ക്രമസമാധാനം തകർക്കാൻ ശ്രമിച്ചു, വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ചു, നിരോധിത ഭീകര സംഘടനയിൽ പ്രവർത്തിച്ചു തുടങ്ങിയ വ്യാജ കുറ്റങ്ങളാണ് അബ്ദുൽറസാഖിനെതിരെ ചുമത്തിയിരിക്കുന്നതെന്ന് കോപ്റ്റിക് സോളിഡാരിറ്റി എന്ന മനുഷ്യാവകാശ സംഘടന വ്യക്തമാക്കുന്നു.

എന്നാൽ അത്തരമൊരു ഭീകര സംഘടന നിലവിലില്ലെന്നും, കർത്താത്തിലുള്ള വിശ്വാസം ഉപേക്ഷിക്കാൻ വിസമ്മതിച്ചതാണ് അധികൃതരെയും യാഥാസ്ഥികരെയും പ്രകോപിപ്പിച്ചതെന്നും അദേഹത്തിന്റെ കുടുംബവും അഭിഭാഷകരും ആരോപിക്കുന്നു.

കസ്റ്റഡിയിൽവെച്ച് സെയ്ദ് അബ്ദുൽറസാഖ് ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങളാണ് നേരിട്ടതെന്ന് പ്രതിശ്രുത വധു സോഫിയ വെളിപ്പെടുത്തി. കൈയിൽ പച്ച കുത്തിയിരുന്ന കുരിശിന്റെ രൂപം ബലമായി മായ്ക്കാൻ അധികൃതർ ശ്രമിച്ചു. ചുവരുകളിൽ ബന്ധിച്ച്, കർത്താവിന്റെ ക്രൂശീകരണത്തിന് സമാനമായ രീതിയിൽ മണിക്കൂറുകളോളം പീഡിപ്പിച്ചു.

ഇസ്‌ലാമിലേക്ക് തിരികെ വരാനും ഒപ്പം ക്രൈസ്തവ വിശ്വാസം സ്വീകരിച്ച സഹോദരങ്ങളെ ഒറ്റിക്കൊടുക്കുന്ന ഇൻഫോർമറായി പ്രവർത്തിക്കാനും അദ്ദേഹത്തിന് മേൽ കടുത്ത സമ്മർദ്ദമുണ്ടായിരുന്നു. എന്നാൽ എല്ലാ പീഡനങ്ങളെയും അതിജീവിച്ച് അദേഹം തന്റെ വിശ്വാസത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു.

ഒരു മുസ്‌ലിം കുടുംബത്തിൽ ജനിച്ച അബ്ദുൽറസാഖ്, അയൽവാസിയുടെ കടയിൽ തുറന്നുവെച്ചിരുന്ന ഒരു ബൈബിൾ വായിക്കാൻ ഇടയായതാണ് ജീവിതത്തിലെ വഴിത്തിരിവ്. വർഷങ്ങൾ നീണ്ട ദൈവവചന പഠനത്തിനൊടുവിൽ കർത്താവായ യേശുക്രിസ്തുവിനെ സ്വന്തം രക്ഷകനായി ഏറ്റുപറയുകയായിരുന്നു.

തുടർന്ന് സ്വന്തം കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും കടുത്ത എതിർപ്പുകൾ നേരിട്ട ഇദ്ദേഹം മുൻപ് റഷ്യയിലേക്ക് പലായനം ചെയ്തിരുന്നുവെങ്കിലും പിന്നീട് ഈജിപ്തിലേക്ക് തന്നെ തിരിച്ചയക്കപ്പെട്ടു. തുടർന്ന് തന്റെ ഔദ്യോഗിക തിരിച്ചറിയൽ രേഖകളിൽ മതം മാറ്റം രേഖപ്പെടുത്താൻ ശ്രമിച്ചതിനെ തുടർന്നാണ് 2025-ൽ വീണ്ടും അറസ്റ്റിലാകുന്നത്.

പ്രതിഭാഗത്തിന്റെ അന്തിമ വാദങ്ങൾ കേൾക്കുന്നതിനായി കേസ് ഡിസംബർ എട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. ജയിലിൽ കഴിയുന്ന ഈ യുവവിശ്വാസിക്കായി ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹങ്ങൾ പ്രാർത്ഥനയോടെ ഉറ്റുനോക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.