ഒട്ടാവ: കാനഡയിലെത്തി സ്ഥിരതാമസ പദവിയ്ക്കായി (പി.ആര്) ശ്രമിക്കുന്ന മലയാളികള്‍ അടക്കമുള്ള വിദേശികള്‍ക്ക് സന്തോഷ വാര്‍ത്ത. കാനഡയില്‍ നിലവില്‍ താമസിക്കുന്ന രണ്ട് ലക്ഷത്തോളം താല്‍ക്കാലിക താമസക്കാര്‍ക്ക് 2027 ന്റെ അവസാനത്തോടെ സ്ഥിരതാമസ പദവി നല്കാന് സര്‍ക്കാര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്.
2026 ബഡ്ജറ്റില്‍ പ്രഖ്യാപിച്ച പ്രത്യേക ഒറ്റത്തവണ പദ്ധതിയെന്ന നിലയിലാണ് കാനഡ സര്‍ക്കാര്‍ ഇത് നടപ്പാക്കുന്നത്. പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന തിരുമാനം മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ക്ക് വലിയ അനുഗ്രഹമാകും.
2029 വരെ പ്രതിവര്‍ഷം 3,80,000 സ്ഥിര താമസക്കാരെ സ്വീകരിക്കാന്‍ കാനഡ നിശ്ചയിച്ചിട്ടുള്ള ലക്ഷ്യത്തിന് പുറമെയാണിത്. ഇതോടെ, 2027 ല്‍ ആകെ സ്ഥിര താമസാനുമതി ലഭിക്കാവുന്നവരുടെ എണ്ണം 6,22,000 വരെയായി ഉയരും.
പ്രവിശ്യകളിലെയും ടെറിട്ടറികളിലെയും പ്രാദേശിക തൊഴില്‍ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനായി എക്സ്പ്രസ് എന്‍ട്രി, പ്രൊവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാം എന്നിവയ്ക്ക് യോഗ്യതയുള്ള ഒരു ലക്ഷം തൊഴിലാളികളെ 2027 അവസാനത്തോടെ താല്‍ക്കാലിക പദവിയില്‍ നിന്ന് മാറ്റും.
താല്‍ക്കാലിക താമസക്കാരെ സ്ഥിര താമസ പദവിയിലേക്ക് മാറ്റുന്ന പ്രക്രിയ സുഗമമാക്കുന്നതിനായി 2027-28 മുതല്‍ നാല് വര്‍ഷത്തേക്ക് 30.2 കോടി കനേഡിയന്‍ ഡോളര്‍ സര്‍ക്കാര്‍ നീക്കി വെച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ സര്‍ക്കാര്‍ താല്‍ക്കാലിക താമസക്കാരുടെയും സ്ഥിര താമസക്കാരുടെയും പ്രതിവര്‍ഷ ലക്ഷ്യങ്ങള്‍ യഥാക്രമം 3,70,000, 3,80,000 ആയി 2029 വരെ നിലനിര്‍ത്തിയിട്ടുണ്ട്. പുതിയ തീരുമാനം പ്രാബല്യത്തില്‍ വന്നാല്‍ ഇന്ത്യക്കാര്‍ക്ക് വലിയ നേട്ടമാണുണ്ടാകുക.
വിദേശ തൊഴിലാളികളുടെയും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെയും വലിയൊരു വിഭാഗം ഇന്ത്യക്കാരാണ്. യോഗ്യതയുള്ള താല്‍ക്കാലിക വര്‍ക്ക് പെര്‍മിറ്റ് ഉടമകളില്‍ ഏകദേശം 20 ശതമാനവും ഇന്ത്യക്കാരാണ്. ഈ പദ്ധതിയിലൂടെ ഏകദേശം 30,000 മുതല്‍ 40,000 വരെ ഇന്ത്യക്കാര്‍ക്ക് സ്ഥിരതാമസം ലഭിച്ചേക്കാമെന്ന് കണക്കാക്കപ്പെടുന്നു.
അതേസമയം, പുതിയ പ്രഖ്യാപനം കാനഡയിലുള്ള എല്ലാ താല്‍ക്കാലിക താമസക്കാര്‍ക്കും സ്ഥിരതാമസം ഉറപ്പു നല്‍കുന്നില്ല. കാനഡയുടെ സാമ്പത്തിക രംഗത്തും തൊഴില്‍ മേഖലയിലും നിലവില്‍ സംഭാവന നല്‍കുന്നവരെ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുന്നത്. രാജ്യം നേരിടുന്ന തൊഴില്‍ ക്ഷാമം പരിഹരിക്കാനും ഇമിഗ്രേഷന്‍ അപേക്ഷകള്‍ കെട്ടിക്കിടയ്ക്കുന്നത് കുറയ്ക്കാനും പദ്ധതി സഹായിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.