വാഷിങ്ടണ്‍: ഇറാനുമായുള്ള സൈനിക നടപടികള്‍ അവസാനിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ ഇറാന്റെ ആണവ പദ്ധതിയുടെ അപകടശേഷി എന്നെന്നേക്കുമായി ഇല്ലാതാക്കുന്നതിന് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഒരു പരിഹാരം ഉറപ്പാക്കാന്‍ താന്‍ ഇപ്പോഴും ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് ബിന്‍ ജാസിം അല്‍ താനിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം വൈറ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്.
'ഇറാന് സൈനികമായി ഫലത്തില്‍ അവസാനിച്ചു, ഞങ്ങള്‍ ഇപ്പോഴുള്ള അവസ്ഥ തുടരുക മാത്രമാണ് ചെയ്യുന്നത്'- ട്രംപ് പറഞ്ഞു. ഇറാന്റെ നേതൃനിര തകര്‍ക്കപ്പെട്ടുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിക്ക് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന. തിരഞ്ഞെടുപ്പിനുശേഷം ഇറാനെതിരെയുള്ള ആക്രമണങ്ങള്‍ പുനരാരംഭിക്കുമെന്ന് ട്രംപ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു.
ഇറാന് അമേരിക്കന്‍ പ്രതിനിധികളുമായി വളരെ മാന്യമായി സംസാരിക്കുന്നുണ്ടെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഒരു പരിഹാരം കണ്ടെത്താന്‍ നല്ല സാധ്യതയുണ്ടെന്നും ട്രംപ് പറഞ്ഞു.
ഇറാന് ആണവായുധം നേടുന്നത് തടയാന്‍ തനിക്ക് കഴിഞ്ഞുവെന്ന് അവകാശപ്പെട്ട ട്രംപിനോട്, എങ്കില്‍ പിന്നെ എന്തുകൊണ്ട് ഇറാനെതിരായ വിജയം പ്രഖ്യാപിക്കുകയും അമേരിക്കന്‍ സൈന്യത്തെ ആ മേഖലയില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്യുന്നില്ല എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചു.
അവിടെ തങ്ങള്‍ക്ക് മികച്ച സഖ്യകക്ഷികളുണ്ട്. അവര്‍ക്ക് ഒരു ദോഷവും സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും ഇപ്പോള്‍ അമേരിക്കന്‍ സൈന്യം പിന്മാറിയാല് അവര്‍ക്ക് ദോഷം സംഭവിക്കുമെന്നും ട്രംപ് മറുപടി നല്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.