എഥനോള്‍ ഉല്‍പാദനത്തിന് കൂടുതല്‍ അരി ഉപയോഗിക്കാന്‍ കേന്ദ്രം: വില കുതിക്കുന്നു; റേഷന്‍ വിതരണത്തിലും ആശങ്ക

എഥനോള്‍ ഉല്‍പാദനത്തിന് കൂടുതല്‍ അരി ഉപയോഗിക്കാന്‍ കേന്ദ്രം: വില കുതിക്കുന്നു; റേഷന്‍ വിതരണത്തിലും ആശങ്ക

ന്യൂഡല്‍ഹി: രാജ്യത്ത് അരിവില കുതിച്ചുയരുകയും ഉല്‍പാദനം കുറയുമെന്ന് ആശങ്ക നിലനില്‍ക്കുകയും ചെയ്യുന്നതിനിടെ കൂടുതല്‍ അരി എഥനോള്‍ ഉല്‍പാദനത്തിന് ഉപയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം.

റേഷന്‍ അരിയിലടക്കം നുറുക്ക് അരിയുടെ അളവ് മൂന്നിലൊന്നായി കുറയ്ക്കാനാണ് തീരുമാനം. അരിയുടെ ലഭ്യതയും വിലയും സംബന്ധിച്ച ആശങ്കകള്‍ ശക്തമാകുന്നതിനിടെ കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശം ഉപഭോക്താക്കളെയും സംസ്ഥാനങ്ങളെയും ഒരുപോലെ ആശങ്കയിലാക്കുന്നു.

അരിയുടെ സ്റ്റോക്ക് എല്ലാ ആഴ്ചയും വെളിപ്പെടുത്തണമെന്ന് സൗത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ പൊന്നി അരിയുടെ വില മൂന്ന് മാസത്തിനിടെ കിലോയ്ക്ക് 20 രൂപ വരെ വര്‍ധിച്ചു. മറ്റെല്ലാ ബ്രാന്റുകളുടെയും അരിവിലയില്‍ ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

രാജ്യത്ത് അരിയുടെ ഉല്‍പാദനം ഈ വര്‍ഷം കുറഞ്ഞേക്കുമെന്ന കണക്കുകള്‍ പുറത്തു വരുന്നതിനിടെയാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം.

അരി മില്ലുകളില്‍ നിന്ന് എഥനോള്‍ നിര്‍മാണത്തിനായി നുറുക്ക് അരി സംഭരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം മുതല്‍ നുറുക്ക് അരിയുടെ അളവ് നിലവിലുള്ള 16 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കാനാണ് നിര്‍ദേശം. എഥനോള്‍ നിര്‍മാണത്തിന് കൂടുതല്‍ നുറുക്ക് അരി ലഭ്യമാക്കുകയാണ് ലക്ഷ്യം.

രാജ്യത്തെ അരിയുടെ ലഭ്യതക്കുറവ് എഥനോള്‍ നിര്‍മാണത്തെയും ബാധിച്ചതോടെയാണ് നുറുക്ക് അരി സംഭരണത്തില്‍ കേന്ദ്രം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതോടെ പൊതുവിതരണ സംവിധാനത്തിലൂടെ ലഭ്യമാക്കുന്ന അരിയുടെ അളവ് ഗണ്യമായി കുറഞ്ഞേക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. എന്നാല്‍ അരിയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനാണ് പുതിയ മാറ്റമെന്നാണ് കേന്ദ്ര പൊതുവിതരണ മന്ത്രാലയത്തിന്റെ വിശദീകരണം.

കേന്ദ്ര നിര്‍ദേശം സംസ്ഥാനത്തും നടപ്പാക്കാനുള്ള നടപടികള്‍ സപ്ലൈകോ ആരംഭിച്ചിട്ടുണ്ട്. ഇതിനായി 42 അരിമില്ലുകളുമായി ധാരണയിലെത്തിയതായി റൈസ് മില്‍സ് അസോസിയേഷന്‍ അറിയിച്ചു. അരിവില ഉയരുകയും ഉല്‍പ്പാദനത്തില്‍ കുറവുണ്ടാകുമെന്ന് ആശങ്ക നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ എഥനോള്‍ നിര്‍മാണത്തിനായി കൂടുതല്‍ അരി മാറ്റി വയ്ക്കാനുള്ള കേന്ദ്ര നീക്കം ഭക്ഷ്യ രംഗത്ത് വലിയ പ്രതിസന്ധിക്ക് കാരണമാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.