മാര്‍പാപ്പയുടെ അര്‍ജന്റീനിയയിലെ അപ്പസ്‌തോലിക സന്ദര്‍ശനം തുടരുന്നു: ദിവ്യബലിയില്‍ പങ്കുചേര്‍ന്നത് 25 ലക്ഷം പേര്‍

മാര്‍പാപ്പയുടെ അര്‍ജന്റീനിയയിലെ അപ്പസ്‌തോലിക  സന്ദര്‍ശനം തുടരുന്നു: ദിവ്യബലിയില്‍ പങ്കുചേര്‍ന്നത് 25 ലക്ഷം പേര്‍

ബ്യൂണസ് അയേഴ്‌സ്: ലാറ്റിന്‍ അമേരിക്കന്‍ പര്യടനത്തിന്റെ ഭാഗമായി അര്‍ജന്റീനയില്‍ അപ്പസ്‌തോലിക് സന്ദര്‍ശനം തുടരുന്ന ലിയോ പതിനാലാമന്‍ മാര്‍പാപ്പ അര്‍പ്പിച്ച ദിവ്യബലിയില്‍ പങ്കെടുത്തത് 25 ലക്ഷം വിശ്വാസികള്‍. ഇന്നലെ ബ്യൂണസ് അയേഴ്ഡിലെ, സ്പാനിഷ് സ്മാരകത്തിലായിരുന്നു ബലിയര്‍പ്പണം.

കര്‍ത്താവ് നമ്മെ ഏല്‍പ്പിച്ച ഏറ്റവും മനോഹരമായ സമ്മാനം അവിടുത്തെ പരിശുദ്ധ സഭയാണെന്നും ദൈവജനം അവിടത്തോട് നന്ദി പറയാന്‍ ഒരേ മേശയ്ക്ക് ചുറ്റും ഒത്തുകൂടുമ്പോഴെല്ലാം ഈ മനോഹാരിത അനുഭവിക്കുവാന്‍ ഏവര്‍ക്കും സാധിക്കുന്നുവെന്നും മാര്‍പാപ്പ വചന സന്ദേശത്തില്‍ പറഞ്ഞു.

വിശ്വാസത്താല്‍ സജീവമായ കുടുംബങ്ങള്‍ കൂട്ടായ്മയില്‍ ജീവിക്കുകയും സുവിശേഷം പ്രഘോഷിക്കുന്നതിനുള്ള ശുശ്രൂഷയില്‍ സമര്‍പ്പിക്കുകയും ചെയ്യുമ്പോള്‍ സഭാ ചൈതന്യത്തിന്റെ ഉത്സാഹം വീണ്ടെടുക്കപ്പെടുകയാണെന്ന് അദ്ദേഹം  പറഞ്ഞു.


ഏറെ സങ്കീര്‍ണമായ അവസ്ഥകളിലൂടെയാണ് കുടുംബങ്ങള്‍ ഇന്ന് കടന്നു പോകുന്നത്. എന്നാല്‍ ഈ കഷ്ടപ്പാടുകള്‍ക്കും പ്രതിസന്ധികള്‍ക്കുമിടയില്‍ ദൈവവചനം നമുക്ക് പ്രത്യാശയുടെ കിരണം നല്‍കുന്നു. ക്രിസ്തുവായ പാറയില്‍, നമ്മുടെ കുടുംബങ്ങളും സമൂഹവും അടിത്തറ കണ്ടെത്തുന്നു. അതിനാല്‍ നാം ഭയപ്പെടേണ്ടതില്ല.

പുനരുത്ഥാനത്തിലൂടെ ഇതിനകം തന്നെ ക്രിസ്തു തന്റെ ഹൃദയത്തില്‍ നമുക്ക് ഇടം നല്‍കിയിട്ടുണ്ട്. അതിനാല്‍ ഈ കൃപയെ നമ്മുടെ കുടുംബങ്ങളിലേക്ക് സ്വാഗതം ചെയ്യണം. ക്രിസ്തുവിനെ അറിയാനും കണ്ടുമുട്ടാനുമുള്ള പ്രത്യേക സ്ഥലമാണ് കുടുംബമെന്നും ഇതാണ് ഫ്രാന്‍സിസ് പാപ്പ പഠിപ്പിച്ചതെന്നും ലിയോ പതിനാലാമന്‍ മാര്‍പാപ്പ അനുസ്മരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.