'കുഞ്ഞായിരിക്കുമ്പോള്‍ അമ്മ ഉപേക്ഷിച്ചു പോയി; ബാല്യവും യൗവനവും ദുരിത പൂര്‍ണം': മാര്‍ത്ത ജീവിതം പറഞ്ഞപ്പോള്‍ മാര്‍പാപ്പ കണ്ണീരണിഞ്ഞു

'കുഞ്ഞായിരിക്കുമ്പോള്‍ അമ്മ ഉപേക്ഷിച്ചു പോയി; ബാല്യവും യൗവനവും ദുരിത പൂര്‍ണം': മാര്‍ത്ത ജീവിതം പറഞ്ഞപ്പോള്‍ മാര്‍പാപ്പ കണ്ണീരണിഞ്ഞു

ബ്യൂണസ് അയേഴ്സ്: 'അന്ധതയ്ക്ക് പുറമേ സെറിബ്രല്‍ പാള്‍സിയോടും കൂടി ജനിച്ച കുഞ്ഞായിരുന്നു ഞാന്‍. എന്റെ ആദ്യ ജന്മദിനത്തിന് തലേന്ന് അമ്മ ഉപേക്ഷിച്ചു പോയി. അന്ന് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ അമ്മ പിന്നീട് ഒരിക്കലും തിരികെ വന്നില്ല'- ഒരു പിതാവിന്റെ വാത്സല്യത്തോടെ തന്നെ ചേര്‍ത്തു പിടിച്ച ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ മുന്നില്‍ മാര്‍ത്താ തന്റെ ജീവിതം പറഞ്ഞു തുടങ്ങി.

ശാരീരിക പരിമിതികള്‍ മൂലം വീല്‍ ചെയറിലിരുന്ന് എപ്പോഴും മുകളിലേക്കു മാത്രം നോക്കാന്‍ കഴിയുന്ന എഴുപത്തെട്ടുകാരി മാര്‍ത്താ ടോറസിന്റെ തിളങ്ങുന്ന നീലക്കണ്ണുകളില്‍ നിന്ന് കണ്ണീര്‍ കിനിഞ്ഞിറങ്ങി...

ലാറ്റിന്‍ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിലെ ക്ലേപോളിലുള്ള ലിറ്റില്‍ കൊട്ടൊലെംഗോ ആശ്രമ സന്ദര്‍ശന വേളയിലാണ് മാര്‍പാപ്പ മാര്‍ത്തയെ കണ്ടത്. അവരുടെ വാക്കുകള്‍ കേട്ട് മാര്‍പാപ്പ വികാരാധീനനായി... കണ്ണുകള്‍ നിറഞ്ഞു.

ദുരന്തങ്ങള്‍ നിറഞ്ഞ ബാല്യവും യൗവനവും അവളുടേത്. പതിറ്റാണ്ടുകളോളം ആശുപത്രിക്കിടക്കയില്‍ കഴിയേണ്ടി വന്ന മാര്‍ത്താ സ്ഥിരമായി താമസിക്കാനും പരിചരണം ലഭിക്കാനുമായി ഒരിടം തേടി അലഞ്ഞു. 'എനിക്ക് അനുയോജ്യമായ ഒരു അഭയകേന്ദ്രം തേടി ഞാന്‍ ഒരുപാട് അലഞ്ഞു. പക്ഷേ, ലഭിച്ചതെല്ലാം താല്‍കാലിക ആശ്വാസങ്ങള്‍ മാത്രമായിരുന്നു'- മാര്‍ത്താ ഓര്‍ത്തെടുത്തു.

എന്നാല്‍, ഭിന്നശേഷിക്കാര്‍ക്കും നിര്‍ധനര്‍ക്കുമായി വിശുദ്ധ ലൂയിസ് ഒറിയോണ്‍ ആരംഭിച്ച ക്ലേപോളിലെ ലിറ്റില്‍ കൊട്ടൊലെംഗോ എന്ന ആശ്രമത്തില്‍ എത്തിയതോടെ ആ നീണ്ട തിരച്ചിലിന് അവസാനമായി. 'എന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശിയ ഒരിടമായിരുന്നു അത്. താമസിക്കാന്‍ ഒരിടം എന്നതിലുപരി, എന്നെ സ്‌നേഹിക്കാന്‍ ധാരാളം ആളുകളുള്ള സ്വന്തം വീടായിരുന്നു അത്' - മാര്‍ത്താ പറഞ്ഞു.

തനിക്ക് നേരിടേണ്ടിവന്ന അവഗണനകള്‍ക്കു മുകളില്‍ യേശു ക്രിസ്തുവിലുള്ള വിശ്വാസമാണ് തനിക്ക് വഴികാട്ടിയായി മാറിയതെന്ന് മാര്‍ത്താ സാക്ഷ്യപ്പെടുത്തുന്നു. 'പ്രാര്‍ഥനയില്‍ എന്നെ വഴിനടത്തിയവരിലൂടെയാണ് ഞാന്‍ ദൈവത്തെ ആഴത്തില്‍ അറിഞ്ഞത്'.

തന്റേതിനു സമാനമായ അവസ്ഥയിലൂടെ കടന്നു പോകുന്ന മറ്റുള്ളവര്‍ക്ക് പ്രത്യാശ നല്‍കാനായി മാര്‍ത്താ തന്റെ ആത്മകഥ പുസ്തക രൂപത്തിലാക്കിയിരുന്നു. ആ പുസ്തകത്തിന്റെ ഒരു പ്രതി അവള്‍ മാര്‍പാപ്പയ്ക്ക് സമ്മാനമായി നല്‍കി.

'എന്റെ കഥ ലോകമറിയണം. അത് മറ്റുള്ളവര്‍ക്ക് നന്മ ചെയ്യണം. സമാന അവസ്ഥയില്‍ കഴിയുന്നവര്‍, തങ്ങള്‍ ഒറ്റയ്ക്കല്ലെന്നും സ്‌നേഹിക്കപ്പെടാനും ബഹുമാനിക്കപ്പെടാനും തങ്ങള്‍ക്കും അവകാശമുണ്ടെന്നും തിരിച്ചറിയണം. എന്റെ ജീവിതത്തിന്റെ ഒരു ഭാഗമാണിത്.

ദൈവം എനിക്ക് നല്‍കിയ എല്ലാ നന്മകള്‍ക്കും നന്ദിയായി ഞാന്‍ ഇത് ഇവിടെ സമര്‍പ്പിക്കുന്നു. അതെ, ഒരുപാട് കുരിശുകള്‍ അവിടുന്ന് എനിക്ക് തന്നു; ഒപ്പം വലിയ കൃപകളും'- മാര്‍പാപ്പയ്ക്ക് തന്റെ ജീവിതം പറയുന്ന പുസ്തകം നല്‍കിക്കൊണ്ട് മാര്‍ത്താ ടോറസ് പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.